amma

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന് താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന സ്‌റ്റേജ് ഷോ അനിശ്ചിതത്വത്തിലെന്ന് സൂചന. ഡിസംബർ ഏഴിന് ഗൾഫിൽ നടക്കുന്ന ഷോയ്‌ക്ക് താരങ്ങളെ വിട്ടുതരാനാകില്ലെന്ന തീരുമാനത്തിലാണ് നിർമ്മാതാക്കൾ. ഇതുസംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കത്ത് നൽകി കഴിഞ്ഞു.

തങ്ങളോട് സഹകരിക്കാതെ 'അമ്മ' എടുക്കുന്ന ഏകപക്ഷീയ തീരുമാനങ്ങളോട് യോജിക്കാനാവില്ലെന്നാണ് അസോസിയേഷൻ സെക്രട്ടറി എം രഞ്ജിത്ത് അയച്ച കത്തിൽ പറയുന്നത്. സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഒരാഴ്ച ചിത്രീകരണം നിറുത്തിവച്ച് താരങ്ങളെ വിട്ടുനൽകണമെന്ന് 'അമ്മ' സെക്രട്ടറിയുടെ വാട്‌സ്ആപ് സന്ദേശം പ്രൊഡക്ഷൻ കൺട്രോളർമാർക്ക് എത്തിയിരുന്നു. തങ്ങളോട് ആലോചിക്കാതെ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് നിർദേശം നൽകിയ നടപടി തെറ്റാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

'പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കെട്ടിട നിർമ്മാണത്തിനും ഇതര ക്ഷേമപ്രവർത്തനങ്ങൾക്കുമായി സ്റ്റേജ് ഷോ സംഘടിപ്പിക്കാമെന്ന് വാഗ്‌ദാനം നൽകിയിരുന്നെങ്കിലും അമ്മ ഇതുവരെ സഹകരിച്ചിട്ടില്ല. എന്നാൽ സ്വകാര്യ സ്ഥാപനങ്ങളുടെ ഷോകളിൽ മുൻനിര താരങ്ങളടക്കം പങ്കെടുക്കുകയും ചെയ്യുന്നു.'

പ്രളയക്കെടുതി സിനിമാമേഖലയെയും ബാധിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഷൂട്ടിംഗ് നിർത്തിവെക്കാനാവില്ലെന്നുമാണ് നിർമ്മാതാക്കളുടെ നിലപാട്. 'വിഷു വരെയുള്ള റിലീസുകളുടെ ചിത്രീകരണം കഷ്ടപ്പെട്ട് ക്രമീകരിച്ചാണ് മുന്നോട്ട് പോകുന്നത്. പ്രളയക്കെടുതിയിൽ അകപ്പെട്ട ഞങ്ങളോട് വീണ്ടും നഷ്‌ടങ്ങൾ സഹിച്ചോളൂ എന്ന് പറഞ്ഞ് ഷോ നടത്തുന്നതിനോട് യോജിക്കാനാകില്ല', പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കത്തിൽ പറയുന്നു.