pornography

ന്യൂഡൽഹി: അശ്ലീല സൈറ്റുകളിലേക്ക് പ്രവേശിക്കാനാവുന്നില്ലെന്ന് കഴിഞ്ഞ രണ്ട് ദിവസമായി ജിയോ ഉപഭോക്താക്കൾ പരാതി പറയുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഒറ്റപ്പെട്ടതെന്ന് തോന്നിച്ച പ്രശ്‌നം വ്യാപകമായതോടെയാണ് ഇക്കാര്യത്തിലെ യഥാർത്ഥ കാരണം വെളിപ്പെടുന്നത്. സെപ്‌തംബർ 28ന് പുറത്ത് വന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജിയോ 827ലധികം പോൺ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്‌തത്. എന്നാൽ പിന്നെ ജിയോയെ ഉപേക്ഷിച്ച് മറ്റേതെങ്കിലും ടെലികോം ഓപ്പറേറ്ററെ തിരഞ്ഞെടുക്കാമെന്ന് വിചാരിച്ചവർക്ക് കിട്ടിയത് അതിലും വലിയ പണിയായിരുന്നു. ജിയോയ്‌ക്ക് പിന്നാലെ പോൺ സൈറ്റുകൾ നിരോധിക്കുകയാണെന്ന് മറ്റ് ഓപറേറ്റർമാരും തീരുമാനിച്ചുവെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ടെലികോം ഓപറേറ്റർമാരൊന്നും തന്നെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, ഉത്തരാഖണ്ഡ‌് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരാണ് ടെലികോം ഓപ്പറേറ്റർമാരോട് നിർദ്ദേശിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികളുടെ മാനസിക നിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി പോൺ സൈറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഉത്തരവിട്ടത്. തുടർന്ന് ടെലികോം ഡിപ്പാർട്ട്മെന്റ് രാജ്യത്തെ ഓപറേറ്റർമാരോട് നിരോധനം നടപ്പിലാക്കാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിന് മുമ്പും പോൺ സൈറ്റുകൾ നിരോധിച്ചുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും സർക്കാർ വൃത്തങ്ങളൊന്നും തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

എന്നാൽ, ഓൺലൈൻ വഴിയുള്ള കുറ്റകൃത്യങ്ങളും നിയമവിരുദ്ധമായ വ്യാപാരവും തടയുന്നതിനാണ് പോൺ സൈറ്റുകൾ നിരോധിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ലഹരി മരുന്ന്, നിയമ വിരുദ്ധ ആയുധങ്ങൾ, അനധികൃത ഉത്പന്നങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനും വിൽക്കുന്നതിനും പോൺ സൈറ്റുകൾ വേദിയാകുന്നുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനാണ് നിരോധനമെന്നും വിശദീകരണമുണ്ട്.