കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ വി-ഗാർഡ് ഇൻഡസ്‌ട്രീസ് 18 ശതമാനം ഇടിവോടെ 38.18 കോടി രൂപയുടെ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 46.50 കോടി രൂപയായിരുന്നു. അതേസമയം, നടപ്പുവർഷത്തിന്റെ ആദ്യപകുതിയിൽ (ഏപ്രിൽ-സെപ്‌തംബർ) ലാഭം മുൻ വർഷത്തെ സമാനകാലയളവിലെ 69.75 കോടി രൂപയിൽ നിന്ന് നാല് ശതമാനം ഉയർന്ന് 72.58 കോടി രൂപയായി.
അറ്റ വരുമാനം ഇക്കാലയളവിൽ 1,132.96 കോടി രൂപയിൽ നിന്ന് ഒമ്പത് ശതമാനം ഉയർന്ന് 1,232.47 കോടി രൂപയിലെത്തി. സെപ്‌തംബർ പാദത്തിൽ പ്രവർത്തന വരുമാനം ആറ് ശതമാനം വർദ്ധനയോടെ 597.58 കോടി രൂപയായി. ഡിജിറ്റൽ യു.പി.എസ്., സ്വിച്ച് ഗിയർ, അടുക്കള ഉപകരണങ്ങൾ എന്നിവ കഴിഞ്ഞപാദത്തിൽ മികച്ച ബിസിനസ് വളർച്ചയ്ക്ക് പങ്കുവഹിച്ചുവെന്ന് വി-ഗാർഡ് ഇൻഡസ്‌ട്രീസ് മാനേജിംഗ് ഡയറക്‌ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. തമിഴ്‌നാട് വിപണിയിൽ പുതുതായി ഗ്യാസ് സ്‌റ്റൗവും അവതരിപ്പിച്ചു. പ്രളയം, പ്രതികൂല കാലാവസ്ഥകൾ, രൂപയുടെ തളർച്ച, ഉത്‌പന്ന വിലകളിലെ ചാഞ്ചാട്ടം എന്നിവ ഇക്കുറി ലാഭത്തെ ബാധിച്ചു. അസംസ്‌കൃത വസ്‌തുക്കളുടെ വിലക്കയറ്റത്തിന്റെ ആഘാതം തടയാൻ ഉത്‌പന്നവില പുനർനിർണയിക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.