കൊച്ചി: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് അയ്യപ്പസേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ കേസ്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാൻ ശ്രമിച്ചാൽ കെെമുറിച്ച് ചോര വീഴ്ത്തി അശുദ്ധമാക്കാനായിരുന്നു ശ്രമമെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പ്രമോദ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എെ.പി.സി 117, 153, 118 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് തങ്ങൾക്ക് പ്ലാൻ ബിയും പ്ലാൻ സിയും ഉണ്ടെന്ന് രാഹുൽ വെളിപ്പെടുത്തിയത്. പ്രസ്താവന വിവാദമായതോടെ ഇത് തിരുത്തി രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ഭക്തർക്ക് ഇത്തരത്തിൽ പ്ലാൻ ബിയും പ്ലാൻ സിയും ഉണ്ടായിരുന്നെങ്കിലും അത് നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് താൻ സ്വീകരിച്ചത് എന്നായിരുന്നു രാഹുലിന്റെ തിരുത്തൽ. കലാപമുണ്ടാക്കാനാണ് രാഹുൽ ശ്രമിച്ചതെന്നും ഗൂഢലോചനയുടെ ചെറിയൊരു അംശം മാത്രമാണ് പുറത്ത് വന്നതെന്നും പല കോണുകളിൽ നിന്നും നേരത്തെ തന്നെ വിമർശനം ഉയർന്ന് വന്നിരുന്നു.