anjali
anjali

തിരുവനന്തപുരം: പിച്ചവയ്ക്കാൻ പഠിച്ച കൈപിടിച്ച് സുവർണ നേട്ടത്തിലേക്ക് രണ്ട് കൗമാര പ്രതിഭകൾ നടന്നുകയറുന്ന ധന്യ നിമിഷങ്ങൾക്കും ഇന്നലെ തിരുവനന്തപുരം യൂണിവേഴ്സിറ്രി സ്റ്രേഡിയം സാക്ഷിയായി. സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ സ്വർണം എറിഞ്ഞിട്ട തൃശൂരുകാരി വി.ഡി അഞ്ജലിയും മത്സ്യത്തൊഴിലാളിയായ പിതാവ് വി.വി. വിനേഷും, ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ എതിരാളികളെ നിഷ്പ്രഭരാക്കിയ എസ്. ശ്രീശാന്തും മുൻദേശീയ വോളിബാൾ താരവും അവന്റെ കായികാധ്യാപികയുമായ മാതാവ് എ. രേഖകുമാരിയുമാണ് കഥയിലെ മിന്നും താരങ്ങൾ.

ട്രാക്കിൽ മിന്നിത്തിളങ്ങി നിൽക്കവേ വില്ലനായെത്തിയ പരിക്കിനോട് പടവെട്ടാനാകാതെ പിൻവാങ്ങേണ്ടി വന്ന ദുരിത കാണ്ഡം പിന്നിട്ടാണ് പ്രതിസന്ധിയിൽ താങ്ങായെത്തിയ അച്ഛന്റെ കൈപിടിച്ച് അഞ്ജലി ജാവലിനുമായി വിജഗാഥരചിച്ചത്. 2014ലെ സംസ്ഥാന സ്കൂൾ മീറ്രിൽ ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ വെള്ളിനേടിയാണ് വലപ്പാട് വളവത്ത് വീട്ടിൽ അഞ്ജലി കായിക രംഗത്ത് വരവറിയിച്ചത്. ദേശീയ സ്കൂൾ മീറ്റിലും അഞ്ജലി വെള്ളി നേട്ടം ആവർത്തിച്ചു. എന്നാൽ അപ്രതീക്ഷിതമായെത്തിയ പരിക്ക് ട്രാക്കിലെ മോഹങ്ങൾക്ക് തടയിടുകയായിരുന്നു.

അവളുടെ സങ്കടം മറ്രാരെക്കാളും നന്നായി അറിയാമായിരുന്ന വിനേഷ് ആ കൗമാരിക്കാരിയുടെ കൈപിടിച്ച് പറഞ്ഞു അച്ഛൻ ജീവിച്ചിരിക്കുമ്പോൾ മോളുതോൽക്കില്ല! ആവാക്കുകളാണ് ജാവലിനുമായുള്ള അവളുടെ പുതിയ കുതിപ്പിന് പ്രചോദനമായത്. രാപ്പകലില്ലാതെ കടലിനോട് പടവെട്ടി അഞ്ചംഗ കുടുംബത്തിന്റെ അഷ്ടിക്കുള്ള വക കണ്ടെത്തുന്ന വിനേഷ് അതിൽ നിന്ന് മിച്ചം പിടിച്ച പതിനായിരം രൂപ കൊണ്ട് വാങ്ങിയ ജാവലിനുമായാണ് പദ്മാനാഭന്റെ മണ്ണിൽ അഞ്ജലി പടയോട്ടം നടത്തിയത്. 33.7 മീറ്റർ ദൂരത്തേക്ക് ജാവലിൻ നീട്ടിയെറിഞ്ഞാണ് അഞ്ജലി ഒന്നാമതായത്. വിനേഷ് തന്നെയാണ് അഞ്ജലിയുടെ പരിശീലകൻ. ഇത്തവണത്തെ സംസ്ഥാന ജൂനിയർ അത്‌ലറ്രിക്മീറ്റിലും അഞ്ജലി സ്വർണം നേടിയിരുന്നു. കേരളത്തെ പ്രതിസന്ധിയിലാക്കിയ പ്രളയത്തിൽ ദുരിതത്തിൽ അകപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ച് കയറ്റാനിറങ്ങിയ മത്സ്യത്തൊഴിലാളികളുടെ സംഘത്തിൽ വിനേഷും ഉണ്ടായിരുന്നു. മിനിയാണ് അഞ്ജലിയുടെ അമ്മ.അഞ്ജന, അനാമിക എന്നിവരാണ് സഹോദരിമാർ.

ഇതുവരെ പിടിതരാത്ത ഒന്നാം സ്ഥാനം അമ്മയുടെ കൈപിടിച്ച് നേടിയെടുത്ത കഥയാണ് ശ്രീശാന്തിന്റേത്. ചുനക്കര ഗവൺമെന്റ് വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് മാങ്കുഴി തെക്കേകരയത്ത് വടക്കതിൽ ശ്രീശാന്ത്. അവിടത്തെ കായിക അദ്ധ്യാപികയാണ് അമ്മ രേഖ കുമാരി.കുട്ടിക്കാലത്ത് ശ്രീശാന്ത് കല്ലെടുത്ത് വെറുതേ എറിയുന്നത് കണ്ട് രേഖ അവന്റെ കൈയിൽ ഷോട്ട്പുട്ട് വച്ച് കൊടുക്കുകയായിരുന്നു. വെറ്റ്റൻ ഹാമർത്രോ താരം ശങ്കരപിള്ളയുടെ കീഴിലെ പരിശീലനം മുതൽക്കൂട്ടായി. പ്രചോദനവും ധൈര്യവുമായ അമ്മയെ സാക്ഷി നിറുത്തി ഒടുവിൽ അവൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 13.19 മീറ്രർ ദൂരത്തേക്ക് ഷോട്ടെറിഞ്ഞിട്ട് വഴിതിമാറിക്കൊണ്ടിരുന്ന ഒന്നാംസ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. താൻ കളിച്ചുവളർന്ന യൂണിവേഴ്സിറ്രി സ്റ്റേഡിയത്തിൽ മകൻ സുവർണം നേട്ടം കൊയ്യുന്നത് നിറകണ്ണുകളടെ രേഖകണ്ടു. ശ്രീകുമാറാണ് ശ്രീശാന്തിന്റെ അച്ഛൻ. ശ്രീകാന്ത് സഹോദരനും.