tiago
TIAGO

കൊച്ചി: ടാറ്രാ മോട്ടോഴ്‌സിന്റെ ടിയാഗോ ജെ.ടി.പി., ടിഗോർ ജെ.ടി.പി മോഡലുകൾ വിപണിയിലെത്തി. ടിയാഗോ ജെ.ടി.പിക്ക് 6.39 ലക്ഷം രൂപ മുതലും ടിഗോർ ജെ.ടി.പിക്ക് 7.49 ലക്ഷം രൂപ മുതലുമാണ് എക്‌സ്‌ഷോറൂം വില. ടാറ്രാ മോട്ടോഴ്‌സിന്റെയും ജെയെം ഓട്ടോമോട്ടീവ്‌സിന്റെയും സംയുക്ത സംരംഭമായ ജെ.ടി. സ്‌പെഷ്യൽ വെഹിക്കിൾസാണ് ഈ പുത്തൻ പെർഫോമൻസ് മോഡലുകൾ വിപണിയിലെത്തിച്ചത്.

കൊച്ചിയിൽ ഉൾപ്പെടെ രാജ്യത്തെ ടാറ്റാ മോട്ടോഴ്‌സ് ഷോറൂമുകളിലൂടെ പുതിയ മോഡലുകൾ ലഭിക്കും. 11,000 രൂപയടച്ച് ഇന്നു മുതൽ ബുക്കിംഗ് നടത്താം. മുന്നിൽ വലിയ ബമ്പർ, ചെറിയ ഗ്രിൽ, ക്രോം റിംഗുകളുള്ള ഡ്യുവൽ ചേംബർ പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ജെ.ടി.പി എംബ്ളം എന്നിവ ഇരു മോഡലുകൾക്കും വ്യത്യസ്‌തവും സ്‌പോർട്ടീയുമായ ലുക്ക് നൽകുന്നുണ്ട്. ചുവപ്പും കറുപ്പും ചേർന്നാണ് അകത്തളത്തെ മനോഹരമാക്കിയിരിക്കുന്നത്. സീറ്റ്, എ.സി വെന്റ് എന്നിവയിലെല്ലാം ചുവപ്പിന്റെ സാന്നിദ്ധ്യമുണ്ട്.

114 പി.എസ് കരുത്തും 150 എൻ.എം ടോർക്കുമുള്ളതാണ് ഇവയിലെ 1.2 ലിറ്റർ ടർബോ ചാർജ്‌ഡ് റെവോട്രോൺ പെട്രോൾ എൻജിൻ. സിറ്രി,​ സ്‌പോർട് ഡ്രൈവിംഗ് മോഡുകളുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ മോഡലുകൾക്ക് പത്തു സെക്കൻഡ് മതി. 160 കിലോമീറ്ററാണ് ടോപ്‌സ്‌പീഡ്. 5-സ്‌പീഡ് മാനുവൽ ഗിയർ ബോക്‌സാണുള്ളത്.