തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളിലും സംഘർങ്ങളിലും പങ്കെടുത്തവർക്കെതിരെയുള്ള കുരുക്ക് മുറുകുന്നു. കെ.എസ്.ആർ.ടി.സി ബുസകളും പൊലീസ് വാഹനങ്ങളും തകർത്ത കേസിൽ അറസ്റ്റിലായവർക്ക് ജാമ്യം ലഭിക്കണമെങ്കിൽ 10000 മുതൽ 13 ലക്ഷം വരെ കെട്ടിവയ്ക്കണം.
നിലയ്ക്കലിൽ സന്നിധാനം സ്പെഷ്യൽ ഓഫീസർ ആയിരുന്ന അജിത്തിന്റെ വാഹനം കൊക്കയിൽ ഇട്ടവർക്കാണ് 13 ലക്ഷം കെട്ടിവയ്ക്കേണ്ടത്. കൂടാതെ നിലയ്ക്കലിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി പൊലീസ് വാഹനങ്ങളും സർക്കാരിന്റെയും മാദ്ധ്യമങ്ങളുടെയും വാഹനങ്ങൾ തകർക്കപ്പെട്ടിരുന്നു. ഈ കേസുകളിൽ പ്രതിയായവർ എട്ടും ഒമ്പതും ലക്ഷം കെട്ടി വയ്ക്കേണ്ടി വരും.
അതേസമയം, ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങളിലായി 2000ൽ അധികം അറസ്റ്റ് നിലവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് അറസ്റ്റ്.