sabarimala

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനുമെതിരെ വ്യാജപ്രചരണങ്ങളുടെ ഘോഷയാത്രയാണ് ചിലർ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു. മണ്ഡല, മകരവിളക്ക് കാലത്ത് 60 ദിവസത്തേക്ക് താത്കാലിക ജീവനക്കാരെ വർഷങ്ങളായി നിയമിക്കാറുണ്ട്. സ്ഥിരമായി ഈ ജോലി ചെയ്യുന്നവരാണ് എല്ലാ വർഷവും തുച്ഛവരുമാനം ലഭിക്കുന്ന ജോലിക്കെത്തുന്നത്. കഷ്ടം പിടിച്ച പണിയാണ്.

അതിന് ദേവസ്വംബോർഡ് നിയമിക്കുന്നത് സി.പി.എം പ്രവർത്തകരെയല്ല. വർഷങ്ങളായി കഠിനമായ ഈ ജോലി ചെയ്യാൻ സന്നദ്ധരായെത്തുന്നവരെയാണ്. മുൻകാലങ്ങളിൽ ജോലി ചെയ്തിട്ടുള്ളവരാണിവർ. ദേവസ്വംബോർഡ് പ്രസിഡന്റ് രാജി വയ്ക്കുന്നുവെന്ന വാർത്തകളും ഈ വ്യാജപ്രചരണങ്ങളുടെ ഭാഗമാണ്. പ്രതിസന്ധികളും പ്രശ്നങ്ങളും സധൈര്യം നേരിട്ട് പ്രസിഡന്റ് ബോർഡിനെ തുടർന്നും നയിക്കുമെന്നും മന്ത്രി പറഞ്ഞു.