dinakaran

ചെന്നൈ: ടി.ടി.വി. ദിനകരൻ പക്ഷത്തേക്ക് മാറിയ 18 വിമത എ.ഡി.എം.കെ എം.എൽ.എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയ സ്‌പീക്കർ പി. ധനപാലിന്റെ തീരുമാനം ശരിവച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ എം.എൽ.എമാർ തിരുമാനിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് ഇവർ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഇതിനിടെ ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ 18 പേരും ദിനകരന്റെ പാർട്ടിയായ അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ സ്ഥാനാർത്ഥികളായി മത്സരിക്കും. സുപ്രീംകോടതിയെ സമീപിക്കാൻ പാർട്ടി അംഗങ്ങൾ കൂടിയാലോചിച്ച് തീരുമാനിച്ചതാണെന്ന് അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരിലൊരാളായ തങ്ക തമിഴ്സെൽവൻ ഇന്നലെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സ്പീക്കർ ധനപാലിന്റെ തീരുമാനം തെറ്റാണെന്നു തെളിയിക്കുമെന്നും വാർത്താ സമ്മേളനത്തിൽ പാർട്ടി പ്രതിനിധികൾ വ്യക്തമാക്കി. ദിനകരനെ പിന്തുണച്ചതു മുതൽ സ്പീക്കർ പ്രതികാര മനോഭാവത്തോടെയാണ് തങ്ങളോട് ഇടപെടുന്നതെന്നും സമിഴ്സെൽവൻ പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് പാർട്ടി നേതാവ് ദിനകരന്റെ തീരുമാനമെന്നും അപ്പീൽ പോയാലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. സ്പീക്കറുടെ അധികാര ദുർവിനിയോഗത്തെ തുറന്നുകാട്ടുകയാണ് അപ്പീലിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായാലും സർക്കാരിന്റെ ഭാഗത്തു നിന്ന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കാനും ശ്രമമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും തമിഴ്സെൽവം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എ.എം.എം.കെ നിരാഹാരസമരം തുടങ്ങുമെന്ന് തങ്ക തമിഴ്സെൽവൻ അറിയിച്ചു. നവംബർ 10ന് ആണ്ടിപ്പെട്ടിയിൽ ആരംഭിക്കുന്ന സമരം ദിനകരന്റെ മണ്ഡലമായ ഡോ. രാധാകൃഷ്ണൻ നഗറിൽ അവസാനിക്കും.