തിരുവനന്തപുരം: പോൾവാട്ടിലെ പുത്തൻ താരോദയമായി പാലക്കാട് കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസിലെ മുഹമ്മദ് ബാസിൻ . ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ റെക്കോഡോടെയാണ് ബാസിൻ ഒന്നാമതെത്തിയത്. 2017 കായികമേളയിൽ അനീഷ് മധു സ്ഥാപിച്ച 4.05മീറ്റർ തിരുത്തി 4.06 മീറ്റർ ചാടിയാണ് ബാസിൻ റെക്കാഡിട്ടത്.
ബാസിൻ പോൾവാൾട്ട് പരിശീലനം തുടങ്ങിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ എന്നതാണ് ശ്രദ്ധേയമായ കാര്യം. പാല ജമ്പ്സ് അക്കാഡമിയിലെ സതീഷ് കുമാറിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ബാസിമിനെ കഴിഞ്ഞ വർഷം കല്ലടി സ്കൂളിൽ നടന്ന ഒരു ക്യാമ്പിനിടെയാണ് സതീഷ് കുമാർ കണ്ടെത്തിയത്.
റെക്കാഡിന്റെ തിളക്കത്തിലും ജമ്പ്സ് അക്കാഡമിയിലെ പരിമിത സൗകര്യങ്ങളെ കുറിച്ചായിരുന്നു ബാസിമിന് സങ്കടം. ഗുണമേൻമയില്ലാത്ത പിറ്റിലെ പരിശീലനം മൂലം നിരവധി തവണ പരിക്കേറ്റു. പുതിയ പിറ്റിനായി ഗവണമെന്റിനെ സമീപിച്ചിട്ട് കാലമേറെയായി. അക്കാഡമിക്കു വേണ്ടി അനുവദിച്ച പിറ്റ് ചുവപ്പു നാടയിൽ കുടുങ്ങിക്കിടക്കുകയാണ്. എത്രയും വേഗം അത് യാഥാർത്ഥ്യമാക്കുക എന്നതാണ് ബാസിന്റെ അപേക്ഷ.