അവാർഡ് ജേതാക്കൾ: (ഇടത്ത് നിന്ന്) ബോബി വി.എബ്രഹാം, ജയശങ്കർ നായർ, മാലിനി നായർ, ചാക്കോ എം.ചാക്കോ, ജോയ് ഇട്ടൻ
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ സെന്ററിന്റെ ഇരുപത്തിയാറാമത് വാർഷികാഘോഷത്തിൽ കേരളത്തിൽ നിന്ന് വിവിധ മേഖലകളിൽ വേറിട്ട വ്യക്തിത്വങ്ങളായി മാറിയ അഞ്ച് മലയാളികളെ ആദരിക്കും. ബോബി വി.എബ്രഹാം, ജയശങ്കർ നായർ (കോർപ്പറേറ്റ് മേഖല), നർത്തകി മാലിനി നായർ (കല), പ്രശസ്ത എഴുത്തുകാരൻ ചാക്കോ എം.ചാക്കോ (സാഹിത്യം), ജോയ് ഇട്ടൻ (സാമൂഹ്യ സേവനം) എന്നിവരെയാണ് നവംബർ മൂന്നിന് ന്യൂയോർക്കിൽ (1824 Fairfax Street, Elmont, New York) നടക്കുന്ന ചടങ്ങിൽ ആദരിക്കുക.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് കൗൺസൽ ദേവദാസൻ നായരാണ് മുഖ്യാതിഥി. പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ ഡോ.എസ്.എൻ.ശ്രീധർ മുഖ്യപ്രഭാഷണം നടത്തും, ശാന്തിഭവൻ സ്ഥാപകൻ ഡോ.എബ്രഹാം ജോർജ്, ശ്രീധർ മേനോൻ, കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസർ പി.സോമസുന്ദരം, വ്യവസായി ദിലീപ് വർഗീസ് തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും.
ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകൾക്കായി kc@keralacenterny.com എന്ന ഇ -മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.
വെബ്സൈറ്റ്: www.keralacenterny.com