bank
BANK

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ ജൂലായ് - സെപ്‌തംബർ പാദത്തിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ലാഭം 56 ശതമാനം ഇടിഞ്ഞു. 2017ലെ സമാനപാദത്തിലെ 2,058.19 കോടി രൂപയിൽ നിന്ന് 908.88 കോടി രൂപയിലേക്കാണ് ലാഭം ഇടിഞ്ഞത്. മൊത്തം വരുമാനം 2.7 ശതമാനം കുറഞ്ഞ് 18,212.12 കോടി രൂപയായി.

അറ്റപലിശ വരുമാനം 5,709 കോടി രൂപയിൽ നിന്ന് 12.4 ശതമാനം ഉയർന്ന് 6,418 കോടി രൂപയായിട്ടുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്‌തി ജൂൺപാദത്തിലെ 8.81 ശതമാനത്തിൽ നിന്ന് 8.54 ശതമാനത്തിലേക്ക് താഴ്‌ന്നത് ബാങ്കിന് നേട്ടമായി. അതേസമയം, 2017ലെ സെപ്‌തംബർ പാദത്തിൽ ഇത് 7.87 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്‌തി ജൂൺപാദത്തിലെ 4.19 ശതമാനത്തിൽ നിന്ന് 3.65 ശതമാനത്തിലേക്കും താഴ്‌ന്നു. ചരിത്രത്തിൽ ആദ്യമായി ഒരു ത്രൈമാസത്തിൽ ഐ.സി.ഐ.സി.ഐ ബാങ്ക് നഷ്‌ടം രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിലാണ്. 2017ലെ ഏപ്രിൽ-ജൂണിൽ 2,049 കോടി രൂപയുടെ ലാഭം നേടിയ ബാങ്ക്, ഈവർഷം ജൂൺപാദത്തിൽ 120 കോടി രൂപയുടെ നഷ്‌ടം കുറിക്കുകയായിരുന്നു.