ഷവോമിയുടെ റെഡ്മി നോട്ട് ഫോണുകൾ ഇന്ത്യയിൽ തരംഗമാണ്. ബഡ്ജറ്റ് ഫോണുകളുടെ വിഭാഗത്തിൽ പെടുന്ന ഇവ ഇന്ത്യയിൽ വലിയ ഹിറ്റാണ്. ബഡ്ജറ്റ് ഫോണുകളാണെങ്കിൽ കൂടി ഫോണിന്റെ ശേഷിയിലും പ്രകടനത്തിലും കുറവുകൾ വരുത്താതെയാണ് ഇവ ജനപ്രീയമായത്.എന്നാൽ പുത്തൻ ഷവോമി വ്യത്യസ്തനാണ്. ചൈനയിൽ റിലീസായ 'ബ്ലാക്ക് ഷാർക്ക് 2' ഗെയിമിംഗിനെ ലക്ഷ്യം വെച്ചാണ് ഷവോമി വിപണിയിലെത്തിച്ചിരിക്കുന്നത്. 10 ജി.ബി റാമുമായി എത്തുന്ന ആദ്യ സ്മാർട്ട്ഫോണും ബ്ലാക്ക് ഷാർക്ക് 2 തന്നെ. അധികം വൈകാതെ ബ്ലാക്ക് ഷാർക്ക് 2 ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് ശ്രുതി.
10 ജി.ബി റാമിനു പുറമേ 6 ജി.ബി, 8 ജി.ബി റാമുകളിലും ഷവോമി ബ്ലാക്ക് ഷാർക്ക് 2 ലഭ്യമാകും. ഗെയിമിംഗ് കംപ്യൂട്ടറുകളിൽ കണ്ട് വരുന്ന ലിക്വിഡ് കൂളിംഗ് സംവിധാനം ഇതിന്റെ പ്രത്യേകതകളിൽ ഒന്നാണ്. മികച്ച ശബ്ദത്തിനായി സ്റ്റീരിയോ സ്പീക്കർ സംവിധാനം, 18:9 അനുപാതത്തിൽ 6.01 ഇഞ്ച് ഡിസ്‌പ്ലേ, സ്നാപ്പ്ഡ്രാഗൺ 845 പ്രോസസർ, ഗ്രാഫിക്സിനായി അഡ്രീനോ 630 ഗ്രാഫിക് പ്രോസസർ തുടങ്ങി സകല മേഖലകളിലും സജ്ജമാണ് ബ്ലാക്ക് ഷാർക്ക് 2. മെമ്മറി കാർഡ് ഉപയോഗിക്കാൻ സൗകര്യമില്ലാത്ത ഈ ഫോണിൽ എന്നാൽ സംഭരണ ശേഷിക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. 128, 256 ജി.ബി എന്നിങ്ങനെ രണ്ട് തരം സംഭരണ ശേഷിയിൽ ഫോൺ ലഭ്യമാകും. നിലവിൽ ലഭ്യമായ ഏതൊരു ഗെയിമും സുഗമമായി ഇതിൽ പ്രവൃത്തിപ്പിക്കാനാകും. ഗെയിമിംഗിനായി രണ്ട് ഗെയിമിംഗ് കൺട്രോളറുകളും ഫോണിനോടാപ്പം ലഭിക്കും. ഇത് ഫോണിന്റെ ഇരു വശങ്ങളിലുമായി ഘടിപ്പിച്ച് കളിക്കുവാൻ സാധിക്കും. കംപ്യൂട്ടറുകളിൽ മാത്രം പരിചിതമായ ഇത്തരം സംവിധാനങ്ങൾ സ്മാർട്ട്ഫോണുകളിലെത്തുന്നതിലെ ആകാംഷയിലാണ് ടെക് ലോകം.
ഗെയിമിംഗ് ഫോൺ ആണെങ്കിൽ കൂടി കാമറ മേഖലയിൽ ഷവോമി വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ഡ്യുവൽ കാമറ സംവിധാനത്തിൽ വരുന്ന പിൻ കാമറയിൽ 12 മെഗാപിക്‌സൽ - 20 മെഗാപിക്‌സൽ സങ്കലനമാണ്. സെൽഫി കാമറയ്ക്ക് 20 മെഗാപിക്‌സലിന്റെ വ്യക്തതയുണ്ടാകും. 4000 എം.എ.എച്ച്. ബാറ്ററിയുള്ള ബ്ലാക്ക് ഷാർക്കിന് ഫോൺ അതിവേഗം ചാർജ് ചെയ്യാൻ സഹായിക്കുന്ന ക്വിക് ചാർജ് 3.0 സംവിധാനവും ഉണ്ടാകും.
3,199 ചൈനിസ് യുവാനാണ് (34,100 രൂപ) ബ്ലാക്ക് ഷാർക്കിന്റെ അടിസ്ഥാന വില. 6 ജി.ബി റാം + 128 ജി.ബി സംഭരണ ശേഷി വരുന്ന ഫോണിനാണ് ഈ വില. 8 ജി.ബി റാം + 128 ജി.ബിക്ക് 3,499 ചൈനിസ് യുവാൻ( 37,000 രൂപ) വില വരും. ഏറ്റവും വലിയ മോഡലായ 10 ജി.ബി റാം + 256 ജി.ബിക്ക് 4,199 ചൈനിസ് യുവാനാണ് ( 44,000 രൂപ) വില. കറുപ്പ് നിറത്തിൽ മാത്രമാകും ഷവോമി ബ്ലാക്ക് ഷാർക്ക് 2 ലഭ്യമാകുക.