ആറന്മുള: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ആറന്മുള ചെറുകോൽ സ്വദേശി മണിയമ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്.
മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി സുനിൽ കുമാറാണ് പൊലീസിൽ പരാതി നൽകിയത്. ഇതിനെ തുടർന്നാണ് അറസ്റ്റ്.
പരാമർശത്തിൽ മാപ്പ് പറഞ്ഞ് മണിയമ്മ പിന്നീട് വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ജാതീയമായി അധിക്ഷേപിച്ചതല്ലെന്നായിരുന്നു മണിയമ്മയുടെ വിശദീകരണം. ഇന്ന് രാവിലെയാണ് മണിയമ്മയെ അറസ്റ്റ് ചെയ്തത്. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.