rupee
CREDIT AND DEPOSIT

 വായ്‌പകൾ 14.35 ശതമാനവും നിക്ഷേപം 8.86 ശതമാനവും ഉയർന്നു

ന്യൂഡൽഹി: രാജ്യത്ത് ബാങ്ക് വായ്‌പകൾക്കും നിക്ഷേപത്തിനും പ്രിയമേറുന്നതായി റിസർവ് ബാങ്കിന്റെ കണക്ക്. ഒക്‌ടോബർ 12ന് സമാപിച്ച ദ്വൈവാരത്തിൽ 89.33 ലക്ഷം കോടി രൂപയുടെ വായ്‌പയാണ് ബാങ്കുകൾ നൽകിയത്. മുൻവർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 14.35 ശതമാനമാണ് വർദ്ധന. നിക്ഷേപം ഇക്കാലയളവിൽ 8.86 ശതമാനം ഉയർന്ന് 117.85 ലക്ഷം കോടി രൂപയായി. 2017ലെ സമാന കാലയളവിൽ ആകെ വായ്‌പ 78.64 ലക്ഷം കോടി രൂപയും നിക്ഷേപം 108.25 ലക്ഷം കോടി രൂപയുമായിരുന്നു.

സെപ്‌തംബർ 28ന് സമാപിച്ച വാരത്തിൽ വായ്‌പകൾ 12.51 ശതമാനം ഉയർന്ന് 89.82 ലക്ഷം കോടി രൂപയിലും നിക്ഷേപം 8.07 ശതമാനം വർദ്ധിച്ച് 117.99 ലക്ഷം കോടി രൂപയിലും എത്തിയിരുന്നു. കഴിഞ്ഞ ആഗസ്‌റ്റിൽ ഭക്ഷ്യേതര വിഭാഗ വായ്‌പാ വിതരണ വളർച്ച 2017നെ ആഗസ്‌റ്റിലെ 5.5 ശതമാനത്തെ അപേക്ഷിച്ച് 12.4 ശതമാനം ഉയർന്നുവെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. വ്യാവസായിക വായ്‌പകൾ 2017 ആഗസ്‌റ്റിൽ 0.3 ശതമാനം ഇടിഞ്ഞിരുന്നു. എന്നാൽ, ഈവർഷം ആഗസ്‌റ്റിൽ ഈ വിഭാഗം വായ്‌പ വിതരണം 1.9 ശതമാനം മെച്ചപ്പെട്ടു.

ഇക്കാലയളവിൽ കാർഷിക, കാർഷികാനുബന്ധ മേഖലകളിലേക്കുള്ള വായ്‌പാ വിതരണ വളർച്ച 6.5 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായും സേവന മേഖലയിലേക്കുള്ള വായ്‌പ വിതരണം അഞ്ച് ശതമാനത്തിൽ നിന്ന് 26.7 ശതമാനമായും ഉയർന്നു. വ്യക്തിഗത വായ്‌പകളുടെ വളർച്ച 15.7 ശതമാനത്തിൽ നിന്ന് 18.2 ശതമാനമായും ഉയർന്നു.

ധനക്കമ്മി

95.3% കവിഞ്ഞു

കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി നടപ്പു വർഷത്തെ ആദ്യപകുതിയിൽ തന്നെ ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടതിന്റെ 95.3 ശതമാനം കവിഞ്ഞു. ഈ വർഷത്തെ ബഡ്‌ജറ്റിൽ ലക്ഷ്യമിടുന്ന ആകെ ധനക്കമ്മി 6.24 ലക്ഷം കോടി രൂപയാണ്. എന്നാൽ, ഏപ്രിൽ-സെപ്‌തംബറിൽ തന്നെ ഇത് 5.95 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ജി.ഡി.പിയടെ 3.2 ശതമാനമായി ധനക്കമ്മി നിയന്ത്രിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ഇത് 3.5 ശതമാനത്തിൽ എത്തിയിരുന്നു. നടപ്പുവർഷത്തെ ലക്ഷ്യം 3.3 ശതമാനമാണ്.