പാലക്കാട്: ഡി.വെെ.എഫ്.എെ വനിതാ നേതാവിന്റെ പരാതിയിൽ ആരോപണ വിധേയനായ പി.കെ ശശിയും അന്വേഷണ കമ്മിഷൻ ചെയർമാൻ എ.കെ ബാലനും ഒരേ വേദിയിൽ. പാലക്കാട് തച്ചമ്പറയിൽ നടന്ന പാർട്ടി പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. അതേസമയം, ശശിക്കെതിരെ അന്വേഷണ റിപ്പോർട്ട് ഇന്നും സി.പി.എം സെക്രട്ടേറിയറ്റ് പരിഗണിച്ചില്ല. പീഡന ആരോപണ അന്വേഷണ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയിൽ എത്തുന്നതിന് മുമ്പ് ഇവർ ഒരുമിച്ച് പരിപാടിയിൽ പങ്കെടുത്തതിനെതിരെ പാർട്ടിയിൽ തന്നെ രൂക്ഷവിമർശനം ഉയർന്നിരുന്നു.
എന്നാൽ വിവാദം ഉണ്ടാകാതിരിക്കാനാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്ന് എ.കെ ബാലൻ പ്രതികരിച്ചു. സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്ന് രാജിവച്ചു വന്നവർക്ക് പാർട്ടി നൽകിയ സ്വീകരണ പരിപാടിയിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനും മറ്റ് ജില്ലാ നേതാക്കൾക്കും ഒപ്പമാണ് ശശി പങ്കെടുത്തത്. ശശി മുൻകെെ എടുത്താണ് ഇവരെ പാർട്ടിയിൽ എത്തിച്ചതെന്നും അതിനാൽ ശശിയെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിൽ അനൗചത്യമില്ലെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. നേരത്തെ, ശശി പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ മണ്ണാർക്കാട് നഗരത്തിലും തച്ചമ്പാറയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അവ നീക്കം ചെയ്‌തു.