ന്യൂയോർക്ക്: ഗൂഗിൾ ജീവനക്കാർക്കെതിരെ 2016 മുതൽ ഉയർന്നുവന്ന ലൈംഗികാരോപണങ്ങളെ തുടർന്ന് 13 സീനിയർ മാനേജർമാരടക്കം 48 പേരെ പുറത്താക്കിയതായി ചീഫ് എക്സിക്യുട്ടിവ് സുന്ദർ പിച്ചൈ വെളിപ്പെടുത്തി. അനുകൂലമല്ലാത്ത പെരുമാറ്റത്തെ തുടർന്ന് കമ്പനി അപ്രിയ നിലപാട് കൈക്കൊള്ളുകയാണെന്ന് ഇ-മെയിൽ സന്ദേശത്തിൽ പിച്ചൈ വെളിപ്പെടുത്തി.
പുറത്താക്കപ്പെട്ട ആന്ഡ്രോയിഡ് നിർമ്മാതാവ് ആൻഡി റൂബിനെതിരെ കർശന നടപടി എടുക്കുന്നതിനു പകരം വലിയ പ്രതിഫലം നൽകി പുറത്താക്കുകയായിരുന്നെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പിച്ചൈയുടെ വെളിപ്പെടുത്തൽ.
തൊഴിലിടങ്ങളിലെ സുരക്ഷയുടെ കാര്യത്തിൽ ഗൂഗിളിന് കാർക്കശ്യമുണ്ടെന്നും ലൈംഗികാരോപണങ്ങളെയും അനുചിതമായ പെരുമാറ്റത്തെയും ഏറെ ഗൗരവത്തോടെയാണ് ഗൂഗിൾ കാണുന്നതെന്നും പിച്ചൈ വെളിപ്പെടുത്തി. ഓരോരുത്തർക്കെതിരെയും ഉയർന്ന ആരോപണങ്ങളിലും അന്വേഷണം ആരംഭിച്ചതായും കൂടുതൽ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. പുറത്തുപോകാൻ ആർക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.
ലൈംഗികാതിക്രമങ്ങൾ പരാതിപ്പെടാൻ പുതിയ സംവിധാനങ്ങൾ ഗൂഗിൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താതെ തന്നെ ജീവനക്കാർക്ക് പരാതിയറിയിക്കാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിൾ വൈസ് പ്രസിഡന്റ് എയ്‌ലീൻ നോട്ടനും ഇ-മെയിൽ സന്ദേശത്തിൽ ഒപ്പിട്ടിട്ടുണ്ട്.