കണ്ണൂർ:കോർപ്പറേഷൻ കൗൺസിലർമാരുടെ ഒൗദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പായ കൗൺസിലേഴ്സ് ഗ്രൂപ്പിൽ അശ്ലീല ശബ്ദ സന്ദേശമയച്ച സംഭവത്തിൽ സി.പി.എം കൗൺസിലർക്കെതിരെ പൊലീസ് കേസെടുത്തു. പൊടിക്കുണ്ട് ഡിവിഷനിലെ കൗൺസിലർ ടി.രവീന്ദ്രനും മേയർ ഇ.പി.ലതക്കുമെതിരെയാണ് എെ.ടി ആക്ട് 67(എ ) പ്രകാരം ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് കൗൺസിലറായ സുമാ ബാലകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൗൺസിലർ ടി.രവീന്ദ്രനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.
കൗൺസിലേഴ്സ് എന്ന ഗ്രൂപ്പിൽ 17 നാണ് ടി.രവീന്ദ്രൻ അശ്ലീല സന്ദേശം അയച്ചത്.നിങ്ങൾക്കെല്ലാം വേണ്ടി ഒരു പ്രധാന സന്ദേശം അയക്കുന്നുവെന്ന് മേയറെ അറിയിച്ചാണ് 12.40 ന് അഞ്ച് ശബ്ദ സന്ദേശങ്ങൾ അയച്ചത്. കൗൺസിലറുടെ ഭർത്താവായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം സ്ത്രീയോട് മോശമായി സംസാരിക്കുന്നതിന്റ ശബ്ദ സന്ദേശമാണ് കോർപ്പറേഷൻ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചത്.സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയായ പ്രാദേശിക നേതാവിന്റെയും സ്ത്രീയുടെയും ശബ്ദമായിരുന്നു സന്ദേശത്തിൽ.സന്ദേശം ലഭിച്ചതിനു പിന്നാലെ അഡ്മിനായ മേയർ വാട്സ് അപ്പ് ഗ്രൂപ്പ് വിട്ട് പോയി.പിന്നീട് മറ്റൊരു ഗ്രൂപ്പ് അഡ്മിനായ കോർപ്പറേഷൻ ജീവനക്കാരൻ ഗ്രൂപ്പ് പിരിച്ചു വിടുകയും ചെയ്തു .കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ,കണ്ണൂർ ജില്ലാ പൊലീസ് മേധാവി,സംസ്ഥാന പൊലീസ് മേധാവി,വനിതാ കമ്മീഷൻ ചെയർപേഴ്സൺ എന്നിവർക്കും സുമാ ബാലകൃഷ്ണൻ പരാതി നൽകിയിട്ടുണ്ട്.
സി.പി. എം കണ്ണൂർ ഏരിയാ കമ്മിറ്റി വാട്സ് ആപ്പ് വിവാദം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ പാർട്ടിതലത്തിൽ നടപടിയുണ്ടാകുമെന്നാണ് സൂചന. ശബ്ദ സന്ദേശം പുറത്തായതോടെ ലോക്കൽ കമ്മിറ്റി അംഗത്തോട് പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും മാറിനിൽക്കാൻ നേതൃത്വം നിർദേശം നൽകിയിരുന്നു. വനിതാ കൗൺസിലറുടെ ഭർത്താവിനെതിരെ ലൈംഗികാരോപണത്തിന് കാരണമായത് മറ്റൊരു കൗൺസിലർ തന്നെയാണെന്നതാണ് സി.പി. എമ്മിനെ പ്രതിരോധത്തിലാക്കിയത്.മുൻ കോൺഗ്രസ് നേതാവായ ഡെപ്യൂട്ടിമേയർ പി.കെ. രാഗേഷിനെ തിരിച്ചെത്തിച്ച് ഭരണം പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യു.ഡി.എഫിന് ഭരണപക്ഷത്തിനെതിരെ ശക്തമായ ആയുധം വീണുകിട്ടിയത്. ഇത് തിരിച്ചറിഞ്ഞ് പ്രശ്നപരിഹാരത്തിന് സി.പി.എം ഊർജ്ജിതശ്രമം നടത്തുന്നുണ്ട്. യുവതിയുമായി നടത്തിയ ഫോൺ സംഭാഷണം റെക്കാർഡ് ചെയ്ത് പുറത്തുവന്നതിന് പിന്നിൽ വിഭാഗീയതയാണെന്നും സൂചനയുണ്ട്.