sleep

മനുഷ്യർ പല വിധമാണ്. നമ്മുടെയെല്ലാം ഉറക്കശീലവും അങ്ങനെ തന്നെ. ചിലർ കുറച്ചധികം ഉറങ്ങും. മറ്റു ചിലർ വളരെ കുറച്ചും. എന്നാൽ ഒരു ദിവസം എത്ര നേരം ഉറങ്ങുന്നതാണ് അഭികാമ്യം ?​ ഈ ചോദ്യം നമുക്കെല്ലാവർക്കും കാണും. ഉറക്കം അധികമായാലും അൽപ്പമായാലും ദോഷം ചെയ്യുമെന്നാണ് പുതിയ പഠനം പറയുന്നത്. 40,​000 ത്തോളം പേർ പങ്കെടുത്ത ഓൺലൈൻ സർവേയും മറ്റു പരീക്ഷണങ്ങളുമാണ് പുതിയ കണ്ടെത്തലിന് ആധാരം.

ഒരു ദിവസം ശരാശരി ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രവർത്തന ശേഷി കൂടുതലുള്ളതായി കണ്ടെത്തി. എന്നാൽ 40,​000ത്തിൽ പകുതിയോളം പേർ ആറര മണിക്കൂറോളം മാത്രമാണ് ഉറങ്ങുന്നത്. നാല് മണിക്കുറോ അതിൽ കുറവോ ഉറങ്ങുന്നവർ പ്രായത്തേക്കാൾ ഒൻപത് വയസ്സ് അധികമുള്ളത് പോലെയാണ് പരീക്ഷണങ്ങളോട് പ്രതികരിച്ചത്. യുക്തിയെയും വാക്ചാതുരിയെയുമാണ് ഉറക്കം എറ്റവും കൂടുതൽ ബാധിച്ചതായി തെളിഞ്ഞത്. എന്നാൽ ഹ്രസ്വകാല ഓർമ്മയെ ഉറക്കം വലിയ രീതിയിൽ ബാധിച്ചിക്കില്ലെന്നാണ് കണ്ടെത്തൽ.

ആരോഗ്യം നിലനിറുത്താൻ ശരിയായ ഉറക്കം അത്യന്താപേക്ഷിതമാണെന്നും സർവേ നടത്തിയ കാനഡയിലെ യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റേൺ ഒൺടാരിയോയിലെ വക്താക്കൾ അറിയിച്ചു.