amit-shah

കണ്ണൂർ: ബി.ജെ.പി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തുന്ന അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷായ്ക്ക് ഒരുക്കുന്നത് കനത്ത സുരക്ഷ. വിമാനമിറങ്ങുന്ന മട്ടന്നൂർ വിമാനത്താവളം മുതൽ കണ്ണൂർ താളിക്കാവ് വരെ അദ്ദേഹത്തിന്റെ വാഹനം കടന്നുപോകുന്ന വഴികളിലെല്ലാം പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷയുള്ള വി.വി.ഐ.പിയാണ് അമിത് ഷാ.അതിനാൽ അഡ്വാൻസ്ഡ് സെക്യൂരിറ്റി ലെയ്സണിംഗ് വിഭാഗത്തിൽപെടുന്ന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം സുരക്ഷയുള്ള നേതാക്കൾക്ക് ചുറ്റും സദാസമയവും തോക്കുധാരികളായ 30 കമാൻഡോകൾ എപ്പോഴുമുണ്ടാകും. ഇവർ സന്ദർശിക്കുന്ന സ്ഥലങ്ങൾ, താമസിക്കുന്ന ഹോട്ടലുകൾ എന്നിവിടങ്ങളിൽ കർശനമായ പരിശോധനയുമുണ്ടാകും. കേന്ദ്ര സുരക്ഷാ ടീം ആവശ്യപ്പെടുന്ന എല്ലാ ചുമതലകളും ഒരുക്കിക്കൊടുക്കാനും സംസ്ഥാനത്തിന് ബാദ്ധ്യതയുണ്ട്. ആവശ്യത്തിന് പൊലീസ്, അത്യാധുനിക വാഹനങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, തീവ്രപരിശീലനം ലഭിച്ച കമാൻഡോകൾ എന്നിവയും സംസ്ഥാന സർക്കാരാണ് നൽകേണ്ടത്. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഇന്നലെ ഉച്ചയോടെ കണ്ണൂരിലെത്തി. മട്ടന്നൂർ വിമാനത്താവളത്തിലും പൊതുസമ്മേളനം നടക്കുന്ന താളിക്കാവിലും പരിശോധന നടത്തി.

വിമാനത്താവളത്തിന്റെ സുരക്ഷ നിർവഹിക്കുന്ന സി.ഐ.എസ്. എഫ് ഉദ്യോഗസ്ഥരുമായും കിയാൽ അധികൃതരുമായും എസ്.പി.ജി അധികൃതർ ചർച്ച നടത്തി. അമിത്ഷായ്ക്ക് സഞ്ചരിക്കാനുള്ള ബുള്ളറ്റ് പ്രൂഫ് കാറും ഇന്നലെ എ.ആർ ക്യാമ്പിലെത്തിച്ചിരുന്നു. കവചിത വാഹനത്തിൽ പൂർണ സുരക്ഷയോടെയാണ് അദ്ദേഹത്തെ യോഗസ്ഥലത്തെത്തിക്കുന്നത്. ഡി.ജി.പി ലോക് നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കണ്ണൂർ റെയ്ഞ്ച് ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായ, തലശേരി എ.എസ്.പി, ഇരിട്ടി, കണ്ണൂർ ഡിവൈ.എസ്.പി എന്നിവരും മട്ടന്നൂർ വിമാനത്താവളത്തിലും മറ്റുമെത്തി പരിശോധിച്ചു. ഇരിട്ടി ഡിവൈ. എസ്.പിക്കാണ് സുരക്ഷാചുമതല.തലശേരി സബ് ഡിവിഷനിലെ സി.ഐ മാരും എസ്.ഐ മാരും സുരക്ഷയിൽ പങ്കാളികളാകും.

300 പൊലീസുകാരും കേന്ദ്ര സംഘവും സുരക്ഷയ്ക്കുണ്ടാകും. വൈകിട്ട് മുതൽ വാഹനപരിശോധനയും തുടങ്ങി. നഗരത്തിലെ വിവിധ ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ മട്ടന്നൂർ മുതൽ കണ്ണൂർ നഗരം വരെ കനത്ത പൊലീസ് കാവലുണ്ടാകും. ഈ മേഖലയിൽ കർശനമായ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തും. ചരക്കു വാഹനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് കർശന നിയന്ത്രണമുണ്ടായിരിക്കും.രാവിലെ പത്തിന് പ്രത്യേക വിമാനത്തിൽ മട്ടന്നൂരിലിറങ്ങുന്ന അമിത് ഷാ 11 മണിയോടെ കണ്ണൂർ താളിക്കാവിലെ ബി.ജെ.പി ഓഫീസിലെത്തും. ഉദ്ഘാടനത്തിനു ശേഷം പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. തുടർന്ന് കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകരായ ഉത്തമൻ, മകൻ രമിത് എന്നിവരുടെ പിണറായിയിലെ വീടുകളിൽ സന്ദർശനം നടത്തും. ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും.