lankan-president

കൊളംബോ: പൊടുന്നനെയുള്ള രാഷ്ട്രീയ അട്ടിമറിയിൽ മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി. പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് പിന്തുണ പിൻവലിച്ചതോടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്ഥാനം തെറിക്കുകയായിന്നു. രാജപക്സെയെ പുതിയ പ്രധാനമന്ത്രിയായി സിരിസേന അവരോധിക്കുകയും ചെയ്തു. രാജപക്സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങൾ ചില മാദ്ധ്യമങ്ങൾ ഇന്നലെ രാത്രി പുറത്തുവിട്ടു.

വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ സഹായത്തോടെ 2015ലാണ് സിരിസേന പ്രസിഡന്റായത്. രാജപക്സെയുടെ പതിറ്റാണ്ട് നീണ്ട ഭരണത്തിനാണ് അന്ന് അന്ത്യമായത്. രാജപക്സെ സർക്കാരിൽ ആരോഗ്യ മന്ത്രിയിയിരുന്ന സിരിസേന അദ്ദേഹവുമായി പിണങ്ങി രാജിവച്ചാണ് 2015ൽ മത്സരിച്ചതും വിക്രമസിംഗെയെ കൂട്ടുപിടിച്ച് പ്രസിഡന്റായതും.

ശ്രീലങ്കൻ തദ്ദേശ തിരഞ്ഞെടുപ്പിൽ അടുത്തിടെ രജപക്സെയുടെ പാർട്ടി വൻ വിജയം നേടിയിരുന്നു. തുടർന്ന് സിരിസേനയും വിക്രമസിംഗെയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. സാമ്പത്തിക,​ വിദേശകാര്യ നയത്തിലും ഇരുവർക്കുമിടയിൽ അസ്വാരസ്യം നിലനിന്നിരുന്നു.

അതേസമയം,​ വ്യക്തമായ ഭൂരിപക്ഷമില്ലാതെ വിക്രമസിംഗെയെ പുറത്താക്കാനാകില്ലെന്നും രാജപക്സെയുടെ നിയമനം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും വിവരമുണ്ട്. രാജപക്സെയ്ക്കും സിരിസേനയ്ക്കും ചേർത്ത് 95 സീറ്റേയുള്ളൂ. എന്നാൽ​ 106 സീറ്റുള്ള വിക്രമസിംഗെയുടെ പാർട്ടിക്ക് കേവല ഭൂരിപക്ഷത്തിന് ഏഴ് അംഗങ്ങളുടെ പിന്തുണ കൂടി മതി.