ബഹ്റെെൻ: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ഡി.എം.കെ നേതാവ് കനിമൊഴി. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പിണറായി വിജയൻ ശക്തമായ നിലപാട് എടുക്കുന്നതിൽ സന്തോഷമുണ്ടെന്നും ബഹ്റെെനിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കനിമൊഴി വ്യക്തമാക്കി.
''ജാതി, ലിംഗം, വംശം, നിറം എന്നിവയുടെ പേരിൽ ഒരാൾക്കും ഒരിടത്തും പ്രവേശനം നിഷേധിക്കപ്പെടരുത്. ആരാധനാലയമോ പാർലമെന്റോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ എവിടെയായാലും വ്യത്യാസങ്ങളുടെ പേരിൽ ഒരാളെയും തടയാനാകില്ല. ഒരേ വിശ്വാസം പുലർത്തുമ്പോഴും സ്ത്രീയാണെന്ന ഒറ്റ കാരണത്താൽ ആരാധനാലയത്തിൽ പ്രവേശനം നിഷേധിക്കുന്നത് ശരിയല്ല"- കനിമൊഴി പറഞ്ഞു.
പുരോഗമന ആശയവുമായി സഞ്ചരിക്കുന്ന കേരളത്തിലെ ഈ പ്രശ്നം കത്തിക്കുന്നതിന് പിന്നിൽ ആർ.എസ്.എസ് ആണെന്നാണ് താൻ മനസിലാക്കിയിട്ടുള്ളതെന്നും കനിമൊഴി കൂട്ടിച്ചേർത്തു.