bus

പയ്യന്നൂർ: വളയം പിടിക്കുന്നതിനും ടിക്കറ്റ് മുറിക്കുന്നതിനൊപ്പവും ഒരു ജീവൻ രക്ഷിച്ച നിർവൃതിയിലാണ് കണ്ണൂരിലെ ജാൻവി എന്ന സ്വകാര്യ ബസിലെ ജീവനക്കാർ. മരണത്തോട് മല്ലിട്ട ഒരു ജീവനെ അവസരോചിതമായ ഇടപെടൽ നടത്തി ആശുപത്രിയിൽ എത്തിച്ച ജീവനക്കാരുടെ നല്ല മനസിനെ തേടി ഒട്ടേറെ അഭിനന്ദനങ്ങളാണ് എത്തുന്നത്. രാജഗിരി കോഴിക്കോട് റൂട്ടിലോടുന്ന കെ.എൽ. 59 ക്യു 5067 ജാൻവി ബസിലെ ഡ്രൈവർ രാജപുരത്തെ ജോബി,​ കണ്ടക്ടർ സൈനേഷ്,​ ക്ലീനർ ബിബി എന്നിവരാണ് ജീവന്റെ രക്ഷകരമായി മാറിയത്.

പയ്യന്നൂരിൽ നിന്ന് ബസിൽ കയറിയ പരിയാരം ഹൃദയാലയം ജീവനക്കാരനായ പയ്യന്നൂർ സ്വദേശി ഹരീഷിന്റെ ജീവനാണ് ഈ മൂന്ന് ബസ് ജീവനക്കാർ ചേർന്ന് രക്ഷിച്ചത്. ബസ് എടാട്ട് കോളേജ് സ്റ്റോപ്പിൽ ബസ് എത്തിയപ്പോഴാണ് ഹരീഷ് ബസിനകത്ത് കുഴഞ്ഞുവീണത്. എന്നാൽ ഹരീഷിനെ ഉപേക്ഷിക്കാതെ ജീവനക്കാർ ബസുമായി ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. പരമാവധി വേഗതയിൽ ഡ്രൈവർ ജോബി ബസ് ഓടിച്ചപ്പോൾ കണ്ടക്ടറും ക്ലീനറും വഴിയിൽ ഇറങ്ങേണ്ട യാത്രക്കാരെ കാര്യം ബോദ്ധ്യപ്പെടുത്തി. എല്ലാ യാത്രക്കാരും സഹകരിക്കുമോ എന്നൊരു പേടിയുണ്ടായിരുന്നെങ്കിലും ആരും ആ തീരുമാനത്തെ എതിർത്തില്ല.

ലൈറ്റിട്ട്, ഹോണടിച്ച് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിന് സമീപത്തേക്ക് ബസ് കുതിച്ചെത്തുന്നത് കണ്ടതോടെ ആശുപത്രി ജീവനക്കാർ സ്ട്രച്ചറുമായി എത്തി ഹരീഷിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഹരീഷിന് ഡോക്ടർമാരുടെ പരിശോധന ഉറപ്പ് വരുത്തിയതിന് ശേഷമാണ് ബസ് പിന്നീട് തളിപ്പറമ്പേക്ക് യാത്ര തിരിച്ചത്. ബസ് ജീവനക്കാരുടെ ഈ പുണ്യ പ്രവൃത്തിയെ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പടെ അഭിനന്ദിച്ചു.