attappadi

അഗളി: അട്ടപ്പാടി ചിണ്ടക്കി, കള്ളക്കര ഊരുകളിലായി രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു. മുക്കാലി ചിണ്ടക്കി ഊരിലെ പാർവതി- വിജയകുമാർ ദമ്പതികളുടെ 16 ദിവസം പ്രായമായ ഇരട്ടക്കുട്ടികളിൽ ഒരു പെൺകുട്ടിയും ഷോളയൂർ കള്ളക്കര ഊരിലെ മുരുകൻ- രേവതി ദമ്പതികളുടെ 18 ദിവസം പ്രായമുള്ള കുട്ടിയുമാണ് മരിച്ചത്. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ഇരട്ടകളിൽ രണ്ടാമത്തെ കുട്ടി കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. മുരുകൻ- രേവതി ദമ്പതികളുടെ കുട്ടിക്ക് പ്രസവ സമയത്ത് 1.850 കിലോ തൂക്കമേ ഉണ്ടായിരുന്നുള്ളൂ. ഇന്നലെ പുലർച്ചെ നാലിന് കുട്ടിക്ക് പാലുകൊടുത്ത് കിടത്തിയതായിരുന്നു. പിന്നീട് അനക്കമില്ലെന്ന് കണ്ടെത്തി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് ഡോക്ടർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.