ranveer-ozil

മെസൂട്ട് ഓസിൽ ഫുട്ബോൾ ആരാധകർക്ക് സുപരിചിതനാണ്. ഗോളടിയേക്കാൾ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലാണ് അയാൾ അഗ്രഗണ്യൻ. മുൻപ് സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള ഓസിൽ നിലവിൽ ഇംഗ്ലണ്ടിലെ ആഴ്സനലിന്റെ മദ്ധ്യനിരക്കാരനാണ്. കളിയഴകിലൂടെ ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആരാധകർക്ക് പ്രീയപ്പെട്ടവൻ. ഒഴിവ് വേളകൾ സോഷ്യൽ മീഡിയലൂടെ ആരാധകരോടൊപ്പം പങ്കു വയ്ക്കാനും അദ്ദേഹം മറക്കാറില്ല. അടുത്തിടെ ട്വിറ്ററിൽ അത്തരമൊരു സംവാദം ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകുന്നതാണ്. ഇന്ത്യയിലേക്ക് വരുവാൻ എന്തെങ്കിലും പദ്ധതി ഉണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് ഇന്ത്യയിൽ വരാൻ അതിയായ താത്പര്യമുണ്ടെന്നും തന്റെ സുഹൃത്തായ റൺവീറിനെ കാണണമെന്നുമാണ് ഓസിൽ മറുപടി നൽകിയത്.


ആഴ്സനൽ താരത്തിന്റെ ട്വീറ്റിനു മറുപടിയുമായി റൺവീർ എത്തിയത് ഇന്ത്യൻ ആരാധകർക്ക് ആവേശം പകരുന്നതായി. മെസൂട്ട് ഭായിയെ ഇന്ത്യ ഇരു കൈയോടെ സ്വീകരിക്കുമെന്നും ഒട്ടേറെ നല്ല മുഹൂർത്തങ്ങൾ സമ്മാനിക്കുമെന്നുമായിരുന്നു റൺവീറിന്റെ ട്വീറ്റ്. ബോളിവുഡ് താരമായ റൺവീർ കടുത്ത ആഴ്സനൽ ആരാധകനാണ്. മുൻപ് ആഴ്സനലിന്റെ ഗ്രൗണ്ടായ എമിറേറ്റ്‌‌സ് സന്ദർശിച്ചതിന്റെ ഭാഗമായി ഓസിലിനോടാപ്പമുള്ള ചിത്രങ്ങൾ റൺവീർ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. റൺവീറും ദീപികയും തമ്മിലുള്ള വിവാഹം അടുക്കവേ ചടങ്ങിന് ഓസിൽ അതിഥിയായി എത്തുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.