ജയലളിതയായി നയൻതാര വെള്ളിത്തിരയിലെത്തുന്നു. എൻ. ലിങ്കുസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണിത്. വിക്രം നായകനായ സണ്ടക്കോഴി 2 ആണ് ലിങ്കുസാമി ഒടുവിൽ സംവിധാനം ചെയ്തത്. നായിക പ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യയുടെ സൂപ്പർസ്റ്റാറായി തിളങ്ങുന്ന നയൻതാര രാഷ്ട്രീയത്തിലിറങ്ങാൻ ആലോചിക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. അറാം എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി പൊതുവേദികളിലെത്തിയ നയൻതാരയെ തലൈവി എന്ന് വിളിച്ചാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ജയലളിതയായി നയൻസ് അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
അതേസമയം ജയലളിതയുടെ ജീവിതം പ്രമേയമാക്കി വേറെയും ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രിയദർശിനി സംവിധാനം ചെയ്യുന്ന ദ അയൺ ലേഡിയിൽ നിത്യ മേനോനാണ് ജയലളിതയെ അവതരിപ്പിക്കുന്നത്. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ദ അയൺ ലേഡിയുടെ ജോലികൾ ആരംഭിക്കും. പുരട്ചി തലൈവി എന്ന പേരിൽ ഭാരതിരാജയും ജയലളിത ചിത്രം ഒരുക്കുന്നുണ്ട്. എ.എൽ. വിജയ്യാണ് ജയലളിതയുടെ ജീവിതം പ്രമേയമാക്കാൻ ഒരുങ്ങുന്ന മറ്റൊരു സംവിധായകൻ.