വിജയ് സേതുപതി അഭിനയത്തിന് പിന്നാലെ എഴുത്തിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. വിക്രാന്തിനെ നായകനാക്കി സഞ്ജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഭാഷണങ്ങളാണ് വിജയ് സേതുപതി എഴുതുന്നത്. നേരത്തെ ഓറഞ്ച് മിഠായിക്ക് വേണ്ടിയും സംഭാഷണം എഴുതിയിരുന്നു. ഈ ചിത്രം നിർമ്മിച്ചതും നായകവേഷം അവതരിപ്പിച്ചതും വിജയ് സേതുപതി തന്നെയാണ്. എന്നാൽ ആദ്യമായാണ് മറ്റൊരാൾ നായകനാകുന്ന ചിത്രത്തിനായി അദ്ദേഹം സംഭാഷണം എഴുതുന്നത്.
തിരക്കഥ എഴുതിക്കഴിഞ്ഞപ്പോൾ സംഭാഷണങ്ങൾ എഴുതാൻ അനുയോജ്യൻ വിജയ് സേതുപതിയാണെന്ന് തോന്നിയെന്നും അങ്ങനെ അദ്ദേഹത്തെ സമീപിക്കുകയായിരുന്നു എന്നും സംവിധായകൻ സഞ്ജീവ് പറയുന്നു. വിജയ് സേതുപതിയാണ് നായകസ്ഥാനത്തേക്ക് വിക്രാന്തിന്റെ പേര് നിർദ്ദേശിച്ചത്.
അഭിനയത്തിരക്കുകൾക്കിടയിലാണ് വിജയ് സേതുപതി എഴുത്തിനായുള്ള സമയം കണ്ടെത്തുന്നത്. ത്യാഗരാജകുമാരരാജ സംവിധാനം ചെയ്യുന്ന സൂപ്പർഡീലക്സാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്. ഫഹദ് ഫാസിലും ഇതിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. രജനികാന്തിനൊപ്പമുള്ള പേട്ട, ചിരഞ്ജീവിയുടെയും അമിതാഭ് ബച്ചന്റെയും ഒപ്പം അഭിനയിക്കുന്ന സെയ് റാ നരസിംഹറെഡ്ഡി, സീതാകാന്തി തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ.