തിരുവനന്തപുരം : വീറുംവാശിയും നിറഞ്ഞ കൗമാരകേരളത്തിന്റെ കായിക ഉത്സവത്തിന് തലസ്ഥാനത്ത് തുടക്കമായി. പ്രളയം തകർത്തെറിഞ്ഞ നാട് കരകയറുന്നതിനിടെ വന്നെത്തിയ മേളയുടെ പകിട്ട് കുറഞ്ഞിട്ടുണ്ടെങ്കിലും കുട്ടികളുടെ ആവേശത്തിന് തെല്ലും കുറവില്ല. ആളും ആരവങ്ങളും നന്നേ കുറവായതിനാൽ എല്ലാ കണ്ണുകളും ഓരോരോ മത്സരയിനങ്ങളിൽ മാത്രമായി ചുരുങ്ങി. ഉദ്ഘാടന ചടങ്ങുകൾ പൂർണമായും ഒഴിവാക്കിയതിനാൽ രാവിലെ 7ന് മത്സരങ്ങൾ ആരംഭിച്ചു. 9ന് ഡി.പി.ഐ മോഹൻകുമാൻ ഔദ്യോഗികമായി പതാക ഉയർത്തി.
31 ഫൈനൽ മത്സരങ്ങളാണ് ഇന്നലെ മാത്രം നടത്തത്. 2 സ്വർണവും 2 വെള്ളിയും 7 വെങ്കലവുമുൾപ്പെടെ 23 പോയിന്റാണ് ആദ്യദിനം തിരുവനന്തപുരം സ്വന്തമാക്കിയത്. ആതിഥേയരായ തലസ്ഥാന ജില്ലയാണ് മീറ്റിലെ ആദ്യ സ്വർണവേട്ടയ്ക്ക് തുടക്കമിട്ടത്. സായിയിലെ സൽമാൻ ഫറൂക്കാണ് ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ ആദ്യ സ്വർണം നേടിയത്. പിന്നാലെ ജൂനിയർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ സായിയിലെ ആർ. സാജനും സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ സായിയിലെ മിന്നു പി. റോയിയാണ് ആദ്യവെള്ളി നേടിയത്. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിലിൽ മത്സരിച്ച ജി.വി. രാജ സ്കൂളിലെ അതുല്യ പി. സജി മികച്ച മീറ്റ് റെക്കാഡോടെ വെള്ളി നേടി. സബ് ജൂനിയർ ആൺകുട്ടികളുടെ 400 മീറ്രറിൽ വെള്ളായണി അയ്യങ്കാളി സ്കൂളിലെ വിഷ്ണു .എം.കെ വെങ്കലം നേടി. സബ്ജൂനിയർ ആൺകുട്ടികളുടെ 4 കിലോ ഷോട്ട്പുട്ടിൽ സായിയിലെ ഡാനിയേൽ മാത്യുവിന്റേതാണ് മറ്റൊരു വെങ്കല നേട്ടം.
സീനിയർ ആൺകുട്ടികളുടെ 400 മീറ്രറിൽ സായിയിലെ നന്ദുമോഹനും ജില്ലയ്ക്കായി വെങ്കലം നേടി. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ സായിയിലെ ജയദേവൻ .എം.എസ് വെങ്കലം സ്വന്തമാക്കി. ഇന്ന് നടക്കാനിരിക്കുന്ന 100 മീറ്റർ, 4x100 മീറ്റർ റിലേ, നാളെ നടക്കുന്ന 600, 200, 800 മീറ്റർ മത്സരങ്ങളിലും ജില്ലയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്. നിലവിലെ ചാമ്പ്യൻജില്ലയായ എറണാകുളവും റണ്ണേഴ്സ് അപ്പായ പാലക്കാടും തമ്മിലാകും പ്രധാന മത്സരമെങ്കിലും നില മെച്ചപ്പെടുത്തുകയാണ് തിരുവനന്തപുരത്തിന്റെ പ്രധാനലക്ഷ്യം. സായിയിലെ കുട്ടികളാണ് ഇതിന് കൂടുതൽ കരുത്ത് പകരുന്നത്. നാലുദിവസമായി നടത്തിയിരുന്ന കായികമേള 3 ദിവസമായി ചുരുക്കിയിട്ടുണ്ട്.
ജില്ലകളിലെ മൂന്നാം സ്ഥാനക്കാരെ ഒഴിവാക്കിയതോടെ കുട്ടികളുടെ പങ്കാളിത്തത്തിലും ഇക്കുറി കുറവുണ്ട്. പെൺകുട്ടികൾക്കും 400 മീറ്റർ ഹർഡിൽസ് ഉൾപ്പെടുത്തിയതും സീനിയർ പെൺകുട്ടികളുടെ 5000 മീറ്റർ ഒഴിവാക്കിയതുമടക്കം മത്സരഘടനയിൽ മാറ്റമുണ്ട്. 92 മത്സരയിനങ്ങളിലായി 2200 ഓളം താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. മൂന്നു ദിവസത്തെ മീറ്റ് നാളെ സമാപിക്കും.