തിരുവനന്തപുരം: ലക്ഷങ്ങൾ ചെലവഴിച്ച് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ നിർമ്മിച്ച ജില്ലാ ക്രൈം മ്യൂസിയം അനാഥമായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. പൊലീസ് ട്രെയിനിംഗിൽ കുറ്റകൃത്യങ്ങളെ കുറിച്ച് പഠിപ്പിക്കുക, പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് മ്യൂസിയം സജ്ജീകരിച്ചത്. പൊലീസ് സ്റ്റേഷനുള്ളിലായതിനാൽ പൊലീസ് ട്രെയിനിംഗിന് ഉപയോഗിക്കുക എന്ന ലക്ഷ്യവും പൂവണിഞ്ഞില്ല.
ഇപ്പോൾ പരാതിക്കാരും അപൂർവമായെത്തുന്ന വിദ്യാർത്ഥികളും മാത്രമാണ് ഇവിടുത്തെ സന്ദർശകർ. വഞ്ചിയൂർ പൊലീസ് സ്റ്റേഷന്റെ ഒന്നാം നിലയിൽ നാല് മുറികളിലായാണ് രണ്ട് വർഷം മുമ്പ് ക്രൈം മ്യൂസിയം ഒരുക്കിയത്. 2016 ജൂൺ 6ന് അന്നത്തെ പൊലീസ് കമ്മിഷണറായിരുന്ന സ്പർജൻ കുമാറാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.ജില്ലയിലെ ആദ്യത്തെ ക്രൈം മ്യൂസിയമാണ് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്നത്. നാല് മുറികളിലായി കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയ ദൃശ്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഓരോ മുറിയും സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവശേഷിക്കുന്ന തെളിവുകളും കുറ്റകൃത്യത്തിന്റെ സ്വഭാവവും മനസിലാക്കാൻ കഴിയും. കയറിൽ തൂങ്ങിക്കിടക്കുന്ന ശരീരം കണ്ടാൽ ആത്മഹത്യയെന്ന് തോന്നും. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ കെെയിൽ ചുരുട്ടി പിടിച്ചിരിക്കുന്ന രോമങ്ങളും കെെയിലെ മുറിവും നിലത്ത് ഇറ്റുവീണ ചോരത്തുള്ളികളും കാണാം. അതുകൊണ്ട് തന്നെയാണ് പൊലീസ് ട്രെയ്നികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവും മ്യൂസിയത്തിന് പിറകിലുള്ളത്.