നാല്പത്തി മൂന്ന് വർഷമായി ഇങ്ങനെ നിലനിൽക്കുന്ന ഏതെങ്കിലും സംഘടനയുണ്ടോ? മലയാളത്തിന്റെ ജ്ഞാനപീഠമായി വിശേഷിപ്പിക്കപ്പെടുന്ന വയലാർ അവാർഡ് ഇന്ന് വിതരണം ചെയ്യാനിരിക്കെ സി.വി. ത്രിവിക്രമൻ ചോദിക്കുന്നു.വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ സെക്രട്ടറിയായി ത്രിവിക്രമൻ 43 വർഷം പൂർത്തിയാക്കുകയാണ്.
1975 ൽ വയലാർ രാമവർമ്മ മരിച്ചു.1976 ൽ ഒന്നാം ചരമവാർഷികത്തിന് ട്രസ്റ്റ് രൂപീകരിച്ചു.1977 ൽ ലളിതാംബിക അന്തർജനത്തിന്റെ 'അഗ്നിസാക്ഷി"എന്ന രചനയ്ക്ക് ആദ്യ അവാർഡും നൽകി.മുഖ്യമന്ത്രിയായിരിക്കെ സി.അച്ചുതമേനോൻ പ്രസിഡന്റും ഖാദി ബോർഡിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന ത്രിവിക്രമൻ സെക്രട്ടറിയായിട്ടുമാണ് ട്രസ്റ്റ് രൂപീകരിക്കുന്നത്.ഇന്ന് കെവി.മോഹൻകുമാറിന്റെ 'ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം" എന്ന നോവലിന് അവാർഡ് നൽകുമ്പോൾ വയലാർ അവാർഡിന്റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല.അവാർഡ് നേടുന്ന പുസ്തകങ്ങളുടെ വില്പന പതിന്മടങ്ങ് വർദ്ധിക്കുന്നു.
"ട്രസ്റ്റിന്റെ രൂപീകരണവേളയിൽ 5.65 ലക്ഷം രൂപ പിരിച്ചെടുത്തു.അതിൽ ഒരു പങ്ക് വയലാറിന്റെ കുടുംബത്തിനായിരുന്നു.ബാക്കി തുകയിൽ 2.12ലക്ഷം കെൽട്രോണിന്റെ ബോണ്ടിൽ നിക്ഷേപിച്ചു.."-ഓർമ്മകൾ ത്രിവിക്രമൻ പങ്കുവച്ചു.1977 ൽ അവാർഡ് ആരംഭിക്കുമ്പോൾ 25000 രൂപയായിരുന്നു അവാർഡ് തുക.സാമ്പത്തീക ബുദ്ധിമുട്ട് പലപ്പോഴും നേരിട്ടു.2015 വരെ അവാർഡ് തുകയിൽ മാറ്റമുണ്ടായില്ല.സർക്കാർ ഗ്രാന്റ് വർദ്ധിപ്പിച്ചതോടെ അവാർഡ് തുക ഒരു ലക്ഷമായി.ഈ വർഷത്തെ സർക്കാർ ഗ്രാന്റ് ഇനിയും ലഭിച്ചിട്ടില്ല താനും .അവാർഡ് തുകയും നടത്തിപ്പുമൊക്കെ സ്പോൺസർ ചെയ്യാൻ ഒരുപാടുപേർ മുന്നോട്ടു വന്നിരുന്നു.പക്ഷേ അവാർഡ് നിർണയത്തിൽ കൈകടത്താൻ അക്കൂട്ടർ ശ്രമിച്ചേക്കുമെന്ന് സംശയമുള്ളതിനാൽ ആരെയും ത്രിവിക്രമൻ അടുപ്പിച്ചിട്ടില്ല.ഇത്രയും കാലത്തിനിടയിൽ അവാർഡിനായി തന്നെ ആരും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.അവാർഡ് വേണമെന്ന് അങ്ങനെ ആരെങ്കിലും എന്നോട് ആവശ്യപ്പെട്ടാൽ ഞാൻ അവരെ അയോഗ്യരാക്കുമായിരുന്നു.ആ പേടിയുള്ളതിനാൽ ആരും സമീപിച്ചില്ല.എന്നാൽ മറ്റ് അംഗങ്ങളോട് ചിലർ അഭ്യർത്ഥന നടത്താതിരുന്നില്ല.പക്ഷേ അത്തരം ശുപാർശകൾ ആരും ഗൗരവമായി എടുത്തിട്ടില്ല.
വളരെ കാര്യക്ഷമമായിട്ടാണ് ത്രിവിക്രമൻ അവാർഡിന്റെ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്.ഒക്ടോബറിൽ നടക്കുന്ന അവാർഡ് നിർണയത്തിന് ജൂണിലേ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കും.310 പേർക്കാണ് കത്തയയ്ക്കുന്നത്.അതിൽ നിന്ന് ഒടുവിൽ ഇരുപത് പേരിലേക്ക് ചുരുങ്ങും .അവർ അയയ്ക്കുന്ന അഭിപ്രായങ്ങളാണ് ജൂറിമാരുടെ മുന്നിൽ എത്തുന്നത്.അവസാനമായി മൂന്ന് പുസ്തകങ്ങളിൽ നിന്ന് ജൂറിയാണ് അവാർഡ് നിശ്ചയിക്കുക.ജൂറിയുടെ അഭിപ്രായമാണ് അന്തിമം.പക്ഷേ ജൂറിക്കും ഈ പട്ടികയിൽ നിന്ന് മാറി നൽകാനാവില്ല.1977 ൽ ഏറ്റവും കൂടുതൽ വോട്ട് നേടിയത് മലയാറ്റൂർ രാമകൃഷ്ണന്റെ യന്ത്രത്തിനായിരുന്നു.കൈനിക്കരയും സുകുമാർ അഴീക്കോടും ജി.കുമാരപിള്ളയുമായിരുന്നു ജൂറി അംഗങ്ങൾ.കൈനിക്കര യന്ത്രത്തിനു വേണ്ടി നിന്നപ്പോൾ അഴീക്കോടും കുമാരപിള്ളയും അഗ്നിസാക്ഷിക്കുവേണ്ടി വാദിച്ചു.ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെട്ടു.അടുത്തവർഷവും യന്ത്രത്തിന് നൽകിയില്ല.മൂന്നാംവട്ടമാണ് ലഭിച്ചത്.1979ലായിരുന്നു അത്.അതിനുശേഷം ഇതാദ്യമായിട്ടാണ് മോഹൻകുമാറിലൂടെ സാഹിത്യകാരനായ ഒരു ഐ.എ.എസ്.ഉദ്യോഗസ്ഥന് വയലാർ അവാർഡ് ലഭിക്കുന്നത്.ആരോഗ്യപ്രശ്നങ്ങൾ അലട്ടുമ്പോഴും വയലാർ അവാർഡിന്റെ ഭാവിയെക്കുറിച്ച് ത്രിവിക്രമന് ഉത്കണ്ഠയില്ല.
ട്രസ്റ്റ് അംഗങ്ങൾ സജീവമാണ്.പ്രവർത്തനങ്ങളിൽ വലംകൈയായി നിൽക്കുന്ന ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ബി.സതീശൻ കാര്യപ്രാപ്തിയുള്ളയാളാണെന്ന് അദ്ദേഹം പറയുന്നു.എന്നെപ്പോലെ സതീശനും സാഹിത്യകാരനല്ല.അതിനാൽ താത്പര്യങ്ങളുമില്ല - ത്രിവിക്രമൻ വ്യക്തമാക്കി.