തിരുവനന്തപുരം : നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അനന്തപദ്മനാഭന്റെ മണ്ണ് വേദിയാകുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ സ്വർണം ആതിഥേയർക്ക് സമ്മാനിച്ച് കോട്ടയത്തുകാരൻ സൽമാൻ ഫറൂക്ക് താരമായി. യൂണിവേഴ്സിറ്രി സ്റ്രേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ മീറ്രിലെ ആദ്യ ഇനമായ ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ തന്റെ കരിയർ ബെസ്റ്റായ 8 മിനിട്ട് 56.16 സെക്കൻഡിലായിരുന്നു സൽമാന്റെ സുവർണ ഫിനിഷ്. തിരുവനന്തപുരം സായിയിലെ താരമായ സൽമാൻ തുണ്ടത്തിൽ എം.വി.എച്ച്.എസ്. എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ തവണയും സൽമാന് തന്നെയായിരുന്നു ഈ ഇനത്തിൽ സ്വർണം. കോട്ടയം കൂട്ടിക്കൽ ഏന്തയാർ സ്വദേശിയായ സൽമാൻ എട്ടാം ക്ലാസ് വരെ കോരുത്തോട് സി.കെ.എം എച്ച്.എസ്.എസിലാണ് പഠിച്ചത്.
ട്രയൽസിൽ പങ്കെടുത്ത് സായിയിൽ പ്രവേശനം ലഭിച്ചിട്ട് രണ്ട് വർഷമേ ആകുന്നുള്ളൂ. സായിയിലെ കോച്ച് ജോയി ജോസഫാണ് സൽമാന്റെ പ്രതിഭയെ മിനുക്കിയെടുത്തത്. ജോയി ജോസഫിന്റെ ശിക്ഷണത്തിൽ സായിയിലെത്തിയ ആദ്യ വർഷം തന്നെ പാലാ വേദിയായ കഴിഞ്ഞ തവണത്തെ സ്കൂൾ മീറ്റിൽ ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ സൽമാൻ സ്വർണത്തിലേക്ക് ഓടിയെത്തി. എന്നാൽ പരിക്കിനെത്തുടർന്ന് ദേശീയ സ്കൂൾ മീറ്രിൽ മത്സരം ഇടയ്ക്ക് വച്ച് അവസാനിപ്പിച്ച് പിന്മാറേണ്ടി വന്നു.
കഴിഞ്ഞ തവണ ദക്ഷിണമേഖലാ ജൂനിയർ അത്ലറ്റിക് മീറ്രിൽ സ്വർണം നേടിയ സൽമാന് ഇത്തവണ പക്ഷേ പരിക്ക് വീണ്ടും വില്ലനായതിനെ തുടർന്ന് പങ്കെടുക്കാനായില്ല. ആ സങ്കടം മാറ്റുന്നതായിരുന്നു സ്കൂൾ മീറ്രിലെ ഈ സുവർണനേട്ടമെന്ന് സൽമാൻ കേരളകൗമുദിയോട് പറഞ്ഞു. ജോയിസാർ നൽകുന്ന പ്രോത്സാഹനമാണ് തന്റെ നേട്ടങ്ങളുടെ അടിസ്ഥാനമെന്നും സൽമാൻ നന്ദിയോടെ ഓർക്കുന്നു. കൂട്ടിക്കൽ മഠത്തിൽ ഷക്കീറിന്റെയും ഷിബിനയുടെയും മൂത്ത മകനാണ് സൽമാൻ. അനിയത്തി ഷഹ ആറാം ക്ലാസിൽ പഠിക്കുന്നു.