ഒട്ടുമിക്ക സ്മാർട്ട്ഫോൺ ഉപഭോക്താക്കളെയും അലട്ടുന്ന പ്രശ്നമാണ് ഫോൺ അമിതമായി ചൂടാകുന്നത്. ചാർജ് ചെയ്യുമ്പോഴും ഗെയിം കളിക്കുമ്പോളും ഇത് സർവ്വസാധാരണമായി കാണപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം പോലും ഫോൺ ചൂടാകാൻ കാരണമായേക്കാം. എന്റെ ഫോൺ ചൂടാകാൻ എന്താണ് കാരണം ? അത് തടയാൻ എന്തെങ്കിലും വഴിയുണ്ടോ ? പലർക്കും ഈ ചോദ്യമുണ്ടാകും.
ഫോൺ ചൂടാകാനുള്ള പ്രധാന കാരണങ്ങളും പ്രതിവിധികളും
ഫോണിന്റെ ബ്രൈറ്റ്നെസ് അഥവാ തെളിച്ചം കൂട്ടി വയ്ക്കുന്നത് ഫോൺ ചൂടാവുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഫോണിന്റെ തെളിച്ചം ശരാശരി നിലയിൽ നിറുത്തുന്നതാണ് അഭികാമ്യം.
ഫോണിന്റെ കാമറ ഏറെ നേരം ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഫോണിന്റെ കാമറ തുറക്കുമ്പോൾ അനുബന്ധമായി മറ്റു പല ഘടകങ്ങളും പ്രവർത്തനമാരംഭിക്കുമെന്ന് പലർക്കും അറിയില്ല. ഇത് ഫോൺ ചൂടാകാൻ കാരണമാകും.
ഫോൺ ഇറുകിയ കേസിലിട്ടു ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ ഫോൺ ചുടാകാൻ അതും ഒരു കാരണമാണ്. പലർക്കും ഇതൊരു പുത്തൻ അറിവായിരിക്കും. ഫോണിൽ നിന്നുള്ള പ്രസരണം അന്തരീക്ഷത്തിലേക്ക് പോകുവാൻ ഇതൊരു തടസമായേക്കാം. അത് ഫോൺ ചൂടാകാൻ വഴിയൊരുക്കും.
നിങ്ങളുടെ ഫോൺ വൈറസ് ബാധിതമാണെങ്കിൽ അമിതമായി ചൂടായേക്കാം. ഫോണിന് പ്രതികൂലമായ കോഡുകൾ ഉപഭോക്താവ് പോലുമറിയാതെ ഓടുക വഴി ഫോൺ കൈയിൽ പിടിക്കുന്നത് പോലും ബുദ്ധിമുട്ടായേക്കാം. പരിചിതമല്ലാത്ത ആപ്പുകളും വെബ്സൈറ്റുകളും ഒഴിവാക്കുകയും ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്യുന്നതുമാണ് ഇതിനുള്ള പ്രതിവിധി.
പഴയ ബാറ്ററി പലപ്പോഴും ഫോണിന്റെ വില്ലനായേക്കാം. പ്രത്യേകിച്ച് പല തരം ചാർജറുകൾ ഉപയോഗിച്ച് ചാർജ് ചെയ്യുന്ന പ്രവണത കൂടിയുണ്ടെങ്കിൽ. ഫോണിന്റെ കുടെ വരുന്ന ചാർജർ ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആയുസ് കൂട്ടാനും ഫോൺ അമിതമായി ചൂടാകുന്നത് ഒഴിവാക്കാനും സഹായിക്കും. ഫോൺ ബാറ്ററി പഴകുന്ന മുറയ്ക്ക് മാറ്റുന്നതും നല്ലതാണ്.