sandeepananda

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം തിരുമലയ്ക്കടുത്തെ കുണ്ടമൺകടവിലെ ആശ്രമത്തിന് നേരേ ആക്രമണം. ആശ്രമത്തിന് മുൻപിൽ നിറുത്തിയിട്ടിരുന്ന രണ്ട് കാറുകൾക്കും ഒരു സ്‌കൂട്ടറിനും ആക്രമികൾ തീയിട്ടു. ആശ്രമത്തിന് പുറത്ത് റീത്തും വച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
തീ പടർന്നതിനെ തുടർന്ന് ആശ്രമത്തിനും കേടുപാടുകൾ സംഭവിച്ചു. ഏതാനും ഭാഗങ്ങളിൽ കോൺക്രീറ്റ് ഇളകി വീണിട്ടുണ്ട്. കാറുകൾ പൂർണമായി കത്തിനശിച്ചു. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ആ സമയം ആശ്രമത്തിൽ ഇല്ലാതിരുന്ന സന്ദീപാനന്ദഗിരിയെ പരിസരവാസികളാണ് വിവരമറിയിച്ചത്. സി.സി.ടി.വി കാമറ ഉണ്ടെങ്കിലും പ്രവർത്തനരഹിതമായിരുന്നു. റീത്തിൽ പി.കെ. ഷിബു എന്ന് എഴുതിയിട്ടുണ്ടെന്നാണ് വിവരം. ആക്രമം നടക്കുമ്പോൾ ആശ്രമത്തിൽ രണ്ട് അന്തേവാസികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച സ്വാമിക്ക് നേരേ മുൻപും ആക്രമണ ശ്രമം ഉണ്ടായിരുന്നു. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ നിരവധി ഭീഷണികൾ ഉണ്ടായതായി അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.അക്രമവാർത്തയറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമം സന്ദർശിച്ചു. മന്ത്രി തോമസ് ഐസക്കും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.


എന്നെയും ഇതുപോലെ കത്തിച്ചേക്കാം: സന്ദീപാനന്ദ ഗിരി
ബി.ജെ.പി അധ്യക്ഷൻ ശ്രീധരൻ പിളളയ്ക്കും താഴമൺ കുടുംബത്തിനും പന്തളം രാജകുടുംബത്തിനും അക്രമണത്തിൽ ഉത്തരവാദിത്വമുണ്ടെന്നും സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്നും സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചു. സംഘപരിവാറിനും രാഹുൽ ഈശ്വറിനും സംഭവത്തിൽ പങ്കുണ്ട്. അതിന് മറുപടി പറയിപ്പിക്കും. നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാം. എന്നാൽ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.