pinarayi-vijayan

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. അസഹിഷ്‌ണുക്കളാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അക്രമികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആശ്രമം മുഖ്യമന്ത്രി സന്ദർശിച്ചു.

വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായാണ് നേരിടേണ്ടത്. അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നത്. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല. മതനിരപേക്ഷ മൂല്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുകയും ആത്മീയതയെ ദുർവ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെ തുറന്നു കാട്ടുകയുമാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്യുന്നത്. ഇതിൽ അസഹിഷ്ണുത പൂണ്ടവരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിനു നേർക്ക് ആക്രമണം നടത്തിയത്. ഇതിനെതിരെയുള്ള ചിന്ത പൊതുസമൂഹത്തിലാകെ ഉണരണമെന്നും അദ്ദേഹം പറഞ്ഞു.

സിറ്റി പൊലീസ് കമ്മിഷണർ അന്വേഷിക്കും
ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശിനെ ചുമതലപ്പെടുത്തിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് സംഭവസ്ഥലം സന്ദർശിച്ച് സന്ദീപാനന്ദ ഗിരിയുടെ മൊഴി രേഖപ്പെടുത്തി.