kerala-flood

ന്യൂഡൽഹി: കേരളത്തിലുണ്ടായ പ്രളയത്തിന്റെ വ്യാപ്‌തി കൂടാൻ കാരണം വിവിധ സർക്കാർ ഏജൻസികളുടെ വീഴ്‌ചയാണെന്ന് ദേശീയ ദുരന്ത നിവാരണ ഇൻസ്‌റ്റിറ്റ്യൂട്ടും ഡൽഹി ജവഹർ ലാൽ നെഹ്‌റു സർകലാശാലയും ചേർന്ന് നടത്തിയ പഠനത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 20 താലൂക്കുകളിലാണ് സംഘം പഠനം നടത്തിയത്. അണക്കെട്ടുകൾ ഒരുമിച്ച് തുറന്നതാണ് പ്രളയത്തിന് കാരണമായതെന്ന പ്രതിപക്ഷ ആരോപണം ശരിവയ്‌ക്കുന്നതാണ് സമിതിയുടെ കണ്ടെത്തൽ.

2005ലെ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2007ൽ തന്നെ സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചുവെങ്കിലും ദുരന്തങ്ങളെ നേരിടാനുള്ള പദ്ധതി 2013ലാണ് അതോറിറ്റി തയ്യാറാക്കുന്നത്. ദുരന്ത സാധ്യത വിലയിരുത്തി ഓരോ വർഷവും പുതുക്കേണ്ട ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് 2010ലെ കണക്കുകൾ അനുസരിച്ചാണ്. കാലഹരണപ്പെട്ട ഈ പദ്ധതി അനുസരിച്ചാണ് കേരളം പ്രളയത്തെ നേരിടാൻ ഒരുങ്ങിയത്. ഇതിന്റെ ഫലമായി ദുരന്തം മുൻകൂട്ടി പ്രവചിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ വീഴ്‌ച സംഭവിച്ചുവെന്ന് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും കേരളത്തിലെ അണക്കെട്ടുകൾ തുറന്നുവിടാൻ വൈകിയതും പ്രളയത്തിന് കാരണമായെന്ന് സമിതിയുടെ റിപ്പോ‌ർട്ടിൽ തുടരുന്നു. ആഗസ്‌റ്റ് 9 മുതൽ 15 വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ആഗസ്‌റ്റ് ഏഴിന് ഡാം സേഫ്‌റ്റി അതോറിറ്റി നടത്തിയ വാർത്താ സമ്മേളനത്തിൽ അണക്കെട്ടുകൾ തുറക്കുന്നത് സംബന്ധിച്ച് ഒരു പദ്ധതിയും പ്രഖ്യാപിച്ചിരുന്നില്ല. ഒരാഴ്‌ചയ്‌ക്ക് ശേഷം 38 അണക്കെട്ടുകൾ ഒരുമിച്ച് തുറന്നപ്പോഴേക്കും സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി പരമാവധി സംഭരണ ശേഷിയിലെത്തിയിരുന്നു. അണക്കെട്ടുകൾ നേരത്തെ തുറക്കണമെന്ന ആവശ്യത്തോട് ഉദ്യോഗസ്ഥർ മുഖം തിരിക്കുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ടും സർക്കാർ നടപടിയെടുത്തില്ല. പശ്ചിമ ഘട്ടത്തിൽ നടത്തിയ അനധികൃത നിർമാണങ്ങളും പ്രളയത്തിന്റെ വ്യാപ്തി കൂട്ടിയെന്നും പഠനത്തിൽ പറയുന്നു.