pinarayi-vijayan
ഇന്ന് പുലർച്ചെ ആക്രമണമുണ്ടായ സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ചതിന് പിന്നിൽ ആർ.എസ്.എസിന്റേയും സംഘപരിവാറിന്റേയും ഹീനമായ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ആശ്രമത്തെയല്ല സന്ദീപാനന്ദ ഗിരിയെ ഇല്ലാതാക്കുകയാണ് അതിലൂടെ അവർ ലക്ഷ്യമിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശ്രമം സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മഹാത്മാ ഗാന്ധിയെ വധിച്ചവർ രാജ്യത്ത് ഇപ്പോഴും ആക്രമണം നടത്തിവരികയാണ്. വർഗീയ ശക്തികളുടെ തനിനിറം തുറന്നുകാട്ടിയ സന്ദീപാനന്ദഗിരി നേരത്തെ തന്നെ സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. എന്നാൽ ഇതുകൊണ്ടൊന്നും സ്വാമി പിന്മാറുമെന്ന് കരുതരുത്. കപടസ്വാമിമാരെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും കഴിഞ്ഞേക്കാം. എന്നാൽ അത്തരത്തിൽ ഭീഷണിക്ക് വഴങ്ങുന്ന ആളല്ല സന്ദീപാനന്ദഗിരി. യഥാർത്ഥ സ്വാമിമാർ ആരെയും ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷ മനസ് സന്ദീപാനന്ദ ഗിരിക്കൊപ്പമുണ്ട്. അക്രമികൾക്കെതിരെ കർശന നടപടിയുണ്ടാകും.