sandeepananda-giri-ashara

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയ്‌ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നിൽ സി.പി.എമ്മിന്റെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് ആരോപിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിശ്വാസികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിരപരാധികളെ അറസ്‌റ്റ് ചെയ്‌തതിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് സർക്കാർ പ്രതിരോധത്തിലുമാണ്. ഈ സാഹചര്യത്തിൽ പ്രശ്‌നങ്ങളെ വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. സർക്കാരും സ്വാമി സന്ദീപാനന്ദ ഗിരിയും ഈ ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അദ്ദേഹം ആരോപിച്ചു.

അക്രമികളെ അഴിഞ്ഞാടാൻ വിടില്ലെന്ന് മന്ത്രി കടകംപള്ളി

അതേസമയം, സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ നടന്നത് വധശ്രമാണെന്ന് മന്ത്രി കടകംപള്ളി ആരോപിച്ചു. വാഹനങ്ങൾ കത്തുന്നത് കണ്ട് പുറത്തേക്കിറങ്ങുന്ന സ്വാമിയെ തീയിലേക്കിട്ട് ജീവനോടെ കത്തിക്കാൻ ആയിരുന്നു ഇവരുടെ ശ്രമം. ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയാണ് ആക്രമണത്തിന്റെ ഉത്തരവാദി. എന്നാൽ അക്രമികളെ ഒരിക്കലും അഴിഞ്ഞാടാൻ വിടില്ല. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കും. കേരളത്തിലെ മതേതര സമൂഹം സ്വാമിക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ സംഭവത്തെ അപലപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ രംഗത്തെത്തി. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. കേരളത്തെ സംഘർഷ ഭൂമിയാക്കാമെന്ന് ചിലർ വിചാരിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കണം. ഇത്തരം അക്രമങ്ങളെ കേരളത്തിലെ മതേതര സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.