sabarimala-women-entry

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 495 കേസുകളിൽ 2825 പേരെ പൊലീസ് പിടികൂടി. ഇതിൽ ആയിരത്തി അറുന്നൂറോളം പേരെ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ പൊലീസിനെ ആക്രമച്ചത് അടക്കമുള്ള ജാമ്യമില്ലാ കേസുകളിൽ പിടികൂടിയ ആളുകളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്ന് ഏതാനും പേരെ രാത്രിയിലും അറസ്റ്റ് ചെയ്തെന്നാണ് വിവരം. എന്നാൽ ഇവരുടെ ക്രോഡീകരിച്ച കണക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ആക്രമണത്തിൽ പങ്കുള്ള ആയിരത്തോളം പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ഇതുവരെ ആകെ 459 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 651 പേരാണ് പിടിയിലായത്. 300 പേരാണ് റിമാൻഡിലുള്ളത്. അറസ്റ്റ് ഭയന്ന് പലരും മുങ്ങിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിലും തെരച്ചിൽ ശക്തമാക്കാനാണ് പൊലീസിന്റെ നീക്കം. വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും കാണിക്കേണ്ടെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

എന്നാൽ കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ നാമജപയാത്രയിൽ പങ്കെടുത്ത സ്ത്രീകൾക്ക് നേരെ തത്കാലം നിയമനടപടികൾ സ്വീകരിക്കേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയതായാണ് അറിയുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ മാത്രം അറസ്‌റ്റ് ചെയ്‌താൽ മതിയെന്നും ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്.