തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ അസിഹിഷ്‌ണുതാ രാഷ്ട്രീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ നാലര വർഷമായി നടക്കുന്ന ഈ അസഹിഷ്‌ണുതാ രാഷ്ട്രീയം രാജ്യത്ത തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആശ്രമം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
ആർക്കും സ്വതന്ത്രമായും നിർഭയമായും അഭിപ്രായം പറയാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം വിലക്കപ്പെടുന്ന നിലയാണ് ഇപ്പോഴുള്ളത്. എതിർക്കുന്നവരെ കൊല്ലുന്ന രീതി തുടരുകയാണ്. വർഗീയ, ഫാസിസ്റ്റ് ശക്തികൾ രാജ്യത്ത് അഴിഞ്ഞാടുന്നത് ചെറുക്കാൻ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനത്തെ വൈകാരിക വിഷയമാക്കരുത്. തികച്ചും സമാധാനപരമായി വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുകയെന്നതാണ് കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാട്. അതിൽ ഒരിക്കലും വെള്ളം ചേർത്തിട്ടില്ല. പ്രതിഷേധ സമരത്തിൽ കോൺഗ്രസ് പ്രവർത്തകർ ആരും തന്നെ അറസ്റ്റിലായിട്ടില്ല. സമരത്തിന്റെ പേരിൽ വേട്ടയാടൽ പൊലീസ് നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.