കൊച്ചി: മൈതാനത്ത് ആവേശം നിറച്ച് ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ഫുട്‌ബോൾ മത്സരം നടക്കുമ്പോൾ പുറത്ത് പണം വാരിയെറിഞ്ഞ് വാതുവയ്പ്പ് സംഘം ലക്ഷങ്ങൾ കൊയ്യുന്നതായി പൊലീസിന് സൂചന ലഭിച്ചു. കൊച്ചിക്കാരനാണ് വാതുവയ്പ്പ് സംഘത്തിന്റെ തലവൻ. കളികളുടെ ഗതിയും ഫലവും ബന്ധപ്പെടുത്തിയാണ് വാതുവയ്പ്പ്. മദ്ധ്യകേരളം കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. ഐ.എസ്.എൽ അഞ്ചാം സീസൺ സെപ്തംബർ 29ന് ആരംഭിച്ചതിന് ശേഷമുള്ള വാതുവയ്പ്പ് സംഘത്തിന്റെ നീക്കങ്ങൾ കൊച്ചി സിറ്റി ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വ്യക്തമായ സൂചനകൾ സംഘത്തെക്കുറിച്ച് പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, കളിക്കാർക്ക് വാതുവയ്പ്പുമായി ബന്ധമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല.
വാതുവയ്പ്പിൽ പങ്കെടുക്കാൻ ചുരുങ്ങിയത് 50,000 രൂപ മുടക്കണം. ലക്ഷങ്ങളാണ് മത്സരം നടക്കുന്ന ദിവസങ്ങളിൽ മറിയുന്നത്. തുടക്കത്തിൽ കേരള ബ്ലാസ്‌റ്റേഴ്സിന്റെ മത്സരങ്ങളിൽ മാത്രമാണ് വാതുവയ്പ്പ് നടന്നിരുന്നത്. എന്നാൽ ഇപ്പോൾ മറ്റ് മത്സരങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. വാതുവയ്പ്പിനായി മുന്നോട്ട് വരുന്നവരെ ഏകോപിപ്പിക്കുകയാണ് ഈ സംഘം ചെയ്യുന്നത്. അമ്പതിലധികം ആളുകൾ മത്സര ദിവസങ്ങളിൽ വാതുവയ്പ്പിൽ ഏർപ്പെടുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഓരോ വാതുവയ്പ്പിലും സംഘത്തിന് കമ്മിഷൻ നൽകണം. വാതുവയ്ക്കുന്ന തുകയുടെ നിശ്ചിത ശതമാനമാണ് കമ്മിഷൻ. ടീമുകൾ അടിക്കുന്ന ഗോളുകൾക്ക് വേണ്ടിയാണ് കൂടുതലും വാതുവയ്പ്പ് നടക്കുന്നത്.എന്നാൽ, ആദ്യ പകുതിയിൽ എത്ര കോർണർ, ഫ്രീ കിക്ക്, യെല്ലോ കാർഡ് എന്നിങ്ങനെയും നീളാറുണ്ടത്രേ വാതുവയ്പ്പ്.
കർശന നിരോധനം
ഇന്ത്യയിൽ കായിക മത്സരങ്ങളെ ബന്ധപ്പെടുത്തിയുള്ള വാതുവയ്പ്പ് കർശനമായി നിരോധിച്ചിട്ടുണ്ട് (കുതിരപ്പന്തയം, ലോട്ടറി എന്നിവ ഒഴികെ). വാതുവയ്പ്പിൽ പങ്കെടുത്ത് പിടിക്കപ്പെട്ടാൽ ജയിൽ വാസവും പിഴയുമാണ് ശിക്ഷ. കായിക താരങ്ങൾ വാതുവയ്പ്പിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ആജീവനാന്ത വിലക്ക് നൽകാനും ബന്ധപ്പെട്ട അസോസിയേഷന് അധികാരമുണ്ട്. ഇന്ത്യയിൽ ചില ക്രിക്കറ്റ് താരങ്ങൾ വാതുവയ്പ്പിൽ പിടിക്കപ്പെട്ട് ആജീവനാന്ത വിലക്ക് നേരിടുന്നുണ്ട്.
ഇടപാട് വാട്സ് ആപ്പിൽ
വാതുവയ്പ്പിനായി മുന്നോട്ട് വരുന്നവരെ വാട്സ് ആപ്പ് വഴിയാണ് സംഘം ഏകോപിപ്പിക്കുന്നതെന്നാണ് വിവരം. ആരെല്ലാമാണ് പങ്കെടുക്കുന്നത്, വാതുവയ്പ്പിന്റെ തുക ഉൾപ്പെടെയുള്ള കാര്യങ്ങൾ വാട്സ് ആപ്പ് വഴി അറിയിക്കും.വാതുവയ്പ്പിൽ പങ്കെടുക്കുന്നെങ്കിൽ സംഘത്തെ നേരത്തെ അറിയിക്കണം. കളി തുടങ്ങുന്നതിന് മുമ്പ് തന്നെ പണം കൈമാറണം. മിക്കപ്പോഴും ഇത് നേരിട്ടാണ് സംഘം വാങ്ങുന്നത്. ഇടപാടുകാരെ ബന്ധപ്പെടുന്നതും വാട്സ് ആപ്പ് കോളുകൾ വഴിയാണ്. അതിനാൽ ഇവരുടെ നീക്കങ്ങൾ വ്യക്തമായി മനസിലാക്കാൻ പൊലീസിന് ബുദ്ധിമുട്ടുണ്ട്. പൊലീസിന്റെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് വാതുവയ്പ്പ് സംഘം വാട്സ് ആപ്പിനെ ആശ്രയിക്കുന്നത്. അതീവ രഹസ്യമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചന പൊലീസ് വൃത്തങ്ങൾ നൽകുന്നുണ്ട്.
അന്വേഷണം തുടങ്ങി
ഐ.എസ്.എൽ കളി നടക്കുമ്പോൾ പുറത്ത് വാതുവയ്പ്പ് നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാട്സ് ആപ്പ് വഴിയാണ് ഇവരുടെ ഇടപാടെല്ലാം നടക്കുന്നത്. ലക്ഷങ്ങളാണ് ഓരോ മത്സര ദിവസവും മറിയുന്നത്. ഒരാഴ്ചക്കകം കേസിൽ നിർണ്ണാകയ അറസ്റ്റുണ്ടാകും.
എ.ബി. വിപിൻ, ഷാഡോ എസ്.ഐ, കൊച്ചി സിറ്റി