ചെന്നൈ: സർക്കാർ പരിപാടിക്കെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ സദസ് ശുഷ്‌കമായതിനാൽ വേദിയിൽ കയറാൻ തയാറായില്ല.മന്ത്രി വാശിപിടിച്ചതോടെ ഉദ്യോഗസ്ഥർ നെട്ടോട്ടമോടി അൻപതോളം പേരെ പലയിടങ്ങളിൽ നിന്നായി എത്തിച്ച ശേഷമാണ് ചടങ്ങു തുടങ്ങിയത്. ആളുകൾ എത്തുന്നതുവരെ മന്ത്രി സദസിലിരിക്കുകയായിരുന്നു.
തമിഴ്നാട് നാഗപട്ടണം ജില്ലയിലെ വേദാരണ്യത്തിനു സമീപം അതനൂരിലെ വെൽനെസ് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു സംഭവം. സെന്റർ ഉദ്ഘാടനം ചെയ്ത ശേഷം സമീപത്തെ പൊതുയോഗ വേദിയിൽ മന്ത്രിയെത്തിയപ്പോൾ അവിടെയുണ്ടായിരുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. ഇവരിൽ ഒട്ടുമുക്കാലും ഹൈഡ്രോ കാർബൺ പദ്ധതിക്കെതിരെ നിവേദനം നൽകാനെത്തിയവരും. പ്രസംശം കേൾക്കാൻ ആളില്ലെന്ന് വ്യക്തമായതോടെയാണ് മന്ത്രി ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്.