1. സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനു നേരെ ആക്രമണം. പുലർച്ചെ രണ്ടുമണിയോടെ അതിക്രമിച്ചുകടന്ന അജ്ഞാത സംഘം നിറുത്തിയിട്ടിരുന്ന രണ്ടു കാറുകളും സ്‌കൂട്ടറും അഗ്‌നിക്കിരയാക്കി. അക്രമത്തിന് ശേഷം ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചു. ആക്രമണത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്കും താഴമൺ കുടുംബത്തിനും പന്തളം കൊട്ടാരത്തിനും ഉത്തരവാദിത്തം ഉണ്ടെന്ന് സന്ദീപാനന്ദ ഗിരി. സത്യം വിളിച്ചുപറയുന്നവരെ ഉ•ൂലനം ചെയ്യാനാണ് അക്രമികളുടെ ലക്ഷ്യം എന്നും പ്രതികരണം
2. സംഭവത്തിൽ കർശന നടപടി എന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര. അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തിയെന്നും വിശദീകരണം. ആക്രമണം നടന്ന കുണ്ടമൺകടവിലെ സന്ദീപാനന്ദ ഗിരിയുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. സന്ദീപാനന്ദയെ വധിക്കാൻ ശ്രമം നടന്നു എന്ന് മുഖ്യമന്ത്രി. ആക്രമണം ഹീനമായ ഗൂഢാലോചനയുടെ ഭാഗം എന്നും പിണറായി.
3. സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു സന്ദീപാനന്ദ ഗിരി. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യൻ. മന്ത്രി തോമസ് ഐസക്കും സി.പി.എം നേതാക്കളും മുഖ്യമന്ത്രിക്ക് ഒപ്പം. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തകർത്തിൽ വ്യാപക പ്രതിഷേധം. ആക്രമണം അപലപനീയം എന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആക്രമണം ഗൂഡാലോചന എന്ന് ബി.ജെ.പി. ആശ്രമം പുനർ നിർമ്മിക്കാൻ സഹായം നൽകും എന്ന് സി.പി.എം.
4. ശബരിമലയിലെ യുവതി പ്രവേശനം രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്നു തലസ്ഥാനത്ത്. ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി നവമി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന ഷാ കേരളത്തിലെ അനുകൂല രാഷ്ട്രീയ സാഹചര്യം വിലയിരുത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് പാർട്ടികളിൽ നിന്നുള്ള പ്രമുഖരെ ബി.ജെ.പിയിൽ എത്തിക്കാനും നീക്കം
5. ശിവഗിരി സന്ദർശനം കഴിഞ്ഞ് തലസ്ഥാനത്ത് എത്തുന്ന ഷാ ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കും. മണ്ഡലകാലം തുടങ്ങാനിരിക്കെ ശബരിമലയിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചും അന്തിമ ധാരണ ഉണ്ടായേക്കും. ഭക്തരെ മുൻ നിറുത്തി, ഹിന്ദു സംഘടനകൾക്ക് ഒപ്പം ചേർന്നുള്ള സമരം ഏകോപിപ്പിക്കുന്നതിൽ ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് ഉള്ള നിർദ്ദേശങ്ങളും യോഗത്തിലുണ്ടാകും.
6. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കും എന്ന് സംസ്ഥാന സർക്കാർ ശക്തമായ നിലപാട് എടുത്തതോടെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങാനും ബി.ജെ.പി തീരുമാനം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ള കാസർകോഡ് മുതൽ പമ്പവരെ രഥയാത്ര നയിക്കും. തീയതി ഇന്ന് തീരുമാനിക്കും. അതേസമയം, മണ്ഡലകാലത്ത് ശബരിമലയിൽ 2500 പൊലീസുകാരെ നിയോഗിക്കാൻ സർക്കാർ നീക്കം. സുരക്ഷാ പ്രശ്‌നങ്ങൾ തടയുന്നതിനായി ശബരിമലയിലേക്കുള്ള വഴികൾ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു.
7. ശ്രീലങ്കയിൽ ഭരണഘടനാ പ്രതിസന്ധിക്ക് വഴിതെളിച്ച് വീണ്ടും രാഷ്ട്രീയ അട്ടിമറി. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പീൾസ് ഫ്രീഡം അലയൻസ്, സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ മഹീന്ദ രാജ്പക്‌സൈ വീണ്ടും അധികാരത്തിൽ. നാടകീയ നീക്കത്തിലൂടെ ഇല്ലാതായത് 2015 ൽ സിരിസേനയുടെ പിന്തുണയോടെ റെനിൽ വിക്രമസിംഗെ രൂപപ്പെടുത്തിയ സഖ്യമുന്നണി
8. അതേസമയം, ഭരണകക്ഷിയായിരുന്ന വിക്രമസിംഗയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിക്ക് 106 അംഗങ്ങളുടെ പിന്തുണ ഉണ്ടായിരിക്കെ, രാജ്പക്‌സൈ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. നിലവിൽ സിരിസേനയ്ക്കും രാജ്പക്‌സെയ്ക്കും 95 അംഗങ്ങളുടെ പിന്തുണ. രാഷ്ട്രീയ അട്ടിമറിയിൽ പ്രതികരണങ്ങൾക്ക് തയ്യാറാകാതെ റെനിൽ വിക്രമസിംഗെ
9. ഒരു ദശാബ്ദത്തിൽ ഏറെയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലായിരുന്ന മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയെ ട്വൻടി ട്വൻടി ടീമിൽ നിന്ന് ഒഴിവാക്കി. 14 വർഷം മുൻപ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം നടത്തിയ ശേഷം ധോണി ടീമിന് പുറത്താകുന്നത് ബാറ്റിംഗിലെ മോശം പ്രകടനത്തെ തുടർന്ന്. വെസ്റ്റിൻഡീസിനും ആസ്‌ട്രേലിയയ്ക്കും എതിരായ ട്വൻടി ട്വൻടി ടീമിൽ നിന്ന് ധോണിയെ ഒഴിവാക്കുമ്പോൾ വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തും ദിനേഷ് കാർത്തിക്കും ടീമിൽ.
10. വിൻഡീസിന് എതിരായ ട്വന്റി ട്വന്റി പരമ്പരയിൽ വിരാട് കൊഹ്ലിക്ക് വിശ്രമം നൽകി. എന്നാൽ ഓസീസിന് എതിരായ പരമ്പരയിൽ കൊഹ്ലി തിരിച്ചെത്തും. വിൻഡീസിന് എതിരെ കുട്ടിക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശർമ്മ. അതിനിട, ഇന്ന് പൂനെയിൽ നടക്കുന്ന വിൻഡീസിന് എതിരായ മൂന്നാം ഏകദിനം ഇന്ത്യയ്ക്ക് നിർണായകം. അഞ്ച് മത്സരങ്ങളുടെ പരമ്പയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചെങ്കിലും രണ്ടാം മത്സരം വിൻഡീസ് സമനിലയിൽ എത്തിച്ചിരുന്നു. മത്സരം തുടങ്ങുന്നത് ഉച്ചയ്ക്ക് ഒന്നരയ്ക്ക്.