sabarimala

തിരുവനന്തപുരം: തുലാമാസ പൂജയ്ക്ക് നട തുറന്ന സമയത്ത് ശബരിമലയിൽ പൊലീസ് സംരക്ഷണത്തോടെ പോകാൻ ശ്രമിച്ച ചില യുവതികളുണ്ട്. എന്നാൽ, പ്രതിഷേധത്തെ തുടർന്ന് അവർക്കെല്ലാം പാതിവഴിയിൽ മടങ്ങിപ്പോകേണ്ടിവന്നു. എന്നിട്ടും അവർക്കിപ്പോഴും ഭീഷണി ഒഴിഞ്ഞിട്ടില്ല. പലതരത്തിലുള്ള ഭീഷണികൾ അവരിൽപലരും നേരിടുന്നു. അതേക്കുറിച്ച് യുവതികൾ പറയുന്നു:


ഭീഷണി മുറതെറ്റാതെ: രഹ്ന ഫാത്തിമ

ഫോണിലേക്ക് നിരന്തരം ഭീഷണി കോളുകളും സന്ദേശങ്ങളും ഇപ്പോഴുമുണ്ട്. ഞാനിപ്പോഴും ജോലിക്ക് പോകുന്നുണ്ട്. ജോലിസ്ഥലത്തേക്ക് വണ്ടിക്കാണ് പോകുന്നത്. വഴിയിലൊക്കെ കമന്റും ചിരിയുമൊക്കെ ഉണ്ട്. മഫ്തിയിൽ പൊലീസ് സുരക്ഷയുണ്ട്. അതുകൊണ്ടാകാം, ഇതുവരെ ആരും കൈയേറ്റം ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഓഫീസിൽ കസ്റ്റമർ കെയർ വിഭാഗത്തിലാണ് ഞാൻ. അവിടേക്കും നിരന്തരം വിളിച്ച് തെറിയഭിഷേകമാണ്. പിന്നെ എങ്ങോട്ടാണ് ഓടിയൊളിക്കുക? അതിന്റെ ആവശ്യമില്ലല്ലോ? എവിടെയായാലും ഇതൊക്കെ നേരിടേണ്ടിവരും. എന്റെ സുരക്ഷയ്ക്കുവേണ്ടിയാണ് എന്നെ സ്ഥലംമാറ്റിയതെന്നാണ് കമ്പനിയുടെ ഭാഗത്തുനിന്ന് കിട്ടിയ വിശദീകരണം. അവർക്കും പലരീതിയിലുള്ള സമ്മർദ്ദമുണ്ട്.

rehna

നിയമമനുസരിച്ച് മാത്രമേ ഞാനെന്തെങ്കിലും ചെയ്തിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഈ കാരണം പറഞ്ഞ് എന്നെ പിരിച്ചുവിടാനൊന്നും നിയമമില്ല. അടിച്ചുതകർത്തത്, ഞങ്ങളുടെ അടുക്കളത്തോട്ടവും കുട്ടികളുടെ കളിപ്പാട്ടവുമൊക്കെയാണ്. കുട്ടികളുടെ സ്‌കൂൾ യൂണിഫോമിൽ ചാണകം തേച്ചു. അതിൽ കുട്ടികൾക്ക് വിഷമമുണ്ടെന്നുള്ളതാണ് എന്റെ വിഷമം. ഒരു പെണ്ണ് കയറിയാൽ, ചാണകം തളിച്ച് ശുദ്ധിചെയ്യുമെന്ന് പറയുന്നവർ ഉള്ളിടത്തോളംകാലം അവരുടെ കൈയിൽനിന്ന് പ്രസാദം വാങ്ങാൻ ഇനിയൊരിക്കൽക്കൂടി ഞാൻ പോകില്ല. വ്രതമെടുത്ത്, മാലയിട്ടുതന്നെയാണ് മലചവിട്ടാൻ ഒരുങ്ങിയത്. എല്ലാവരും പറയുംപോലെ ആക്ടിവിസം കാണിക്കാനോ, അതിബുദ്ധി കാണിച്ച് ആളാകാനോ പോയതല്ല, അയ്യപ്പനെ കാണണമെന്ന ആഗ്രഹത്തോടുകൂടി പോയതാണ്.


വാടകവീട് ഒഴിഞ്ഞു, ഓഫീസ് പൂട്ടി: ലെബി സി.എസ്
കഴിഞ്ഞ ദിവസംവരെ ഞാൻ തിരുവനന്തപുരത്തായിരുന്നു. പൊലീസ് എന്നെ അവിടെയാണ് കൊണ്ടാക്കിയത്. ചേർത്തലയ്ക്ക് ഇപ്പൊഴേ വരണ്ടെന്ന് പൊലീസിന്റെ നിർദേശമുണ്ടായിരുന്നു. ചക്കരക്കുളത്തുണ്ടായിരുന്ന വാടകവീട്ടിൽ വന്ന് സംഘപരിവാറുകാർ വലിയ പ്രശ്നങ്ങളുണ്ടാക്കി, ഭീഷണിപ്പെടുത്തി. ഒഴിയണമെന്ന് വീട്ടുടമസ്ഥൻ പറഞ്ഞതനുസരിച്ച് വീടൊഴിഞ്ഞു.

libi

അവിടെത്തന്നെയായിരുന്നു ഞാൻ സ്വന്തമായി നടത്തിക്കൊണ്ടിരുന്ന ന്യൂസ് ഗിൽ എന്ന ഓൺലൈൻ സ്ഥാപനത്തിന്റെ ഓഫീസും. അതും പൂട്ടി. പൊലീസിൽ അറിയിച്ചിട്ടാണ് ഓരോ സ്ഥലത്തോട്ടും നീങ്ങുന്നത്. ഏതുസമയത്താണ് ആക്രമിക്കപ്പെടുക എന്നറിയില്ലല്ലോ? ഭീഷണികളും കൊലവിളികളും ധാരാളമായുണ്ട്. വ്രതമെടുത്ത്, മാലയിട്ട് തന്നെയാണ് ശബരിമലയിൽ പോകാൻ ഒരുങ്ങിയത്.


പൊലീസ് തടഞ്ഞുവച്ചു: മഞ്ജു

ഇത്രയും ദിവസമായിട്ടും അസഭ്യവർഷത്തിനും കൊലവിളിക്കും കുറവൊന്നുമില്ല. രഹ്ന ഫാത്തിമ മടങ്ങിപ്പോയതിന് പിന്നാലെയെത്തിയ എന്നെ കേസുകളുണ്ടെന്ന് പറഞ്ഞാണ്, അന്വേഷണത്തിന്റെ പേരിൽ മണിക്കൂറുകളോളം പൊലീസ് തടഞ്ഞുവച്ചത്. രാവിലെമുതൽ വൈകിട്ട് വരെ ഞാനവിടെ ഇരുന്നു. അപ്പോഴേക്കും മഴയും തുടങ്ങി. വനമായതിനാൽ മഴ പെയ്താൽ വലിയ ഇരുട്ടാവും. അപ്പോൾ അക്രമി സംഘത്തെ കടന്ന് എനിക്ക് അവിടെയെത്താനാവുമെന്ന പ്രതീക്ഷയില്ലാതെ പോയി.

manju

തിരിച്ചുവന്നപ്പോഴേക്കും വീടൊക്കെ തകർത്തുകഴിഞ്ഞു. ആക്ടിവിസം കൊണ്ടൊന്നുമല്ല. വിശ്വാസിയാണ്. നേർച്ച നേർന്നിരുന്നതാണ് മലയ്ക്ക് പോകാമെന്ന്. ആദ്യം പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു. ഇപ്പോഴില്ല. ഏതുസമയത്തും ആക്രമിക്കപ്പെടാം എന്ന പേടിയാണ്.


ആ വാർത്തകൾ തെറ്റ്: ബിന്ദു തങ്കം കല്യാണി
ശബരിമലയ്ക്ക് പോകാനൊരുങ്ങിയതിന്റെ പേരിൽ, ഊരുവിലക്ക്, ജോലിപോയി, വാടകവീട്ടിൽനിന്ന് ഇറക്കിവിട്ടു, എന്റെ അച്ഛനും അമ്മയും പ്രായശ്ചിത്തമായി മലയ്ക്ക് പോകാനൊരുങ്ങുന്നു തുടങ്ങിയ വാർത്തകളൊക്കെ തെറ്റാണ്. എന്റെ പേരുപോലും തെറ്റായാണ് പല മാദ്ധ്യമങ്ങളിലും വന്നത്. ഞാൻ ജോലിചെയ്യുന്ന കോഴിക്കോട് ചേവായൂരുള്ള സ്‌കൂളിന് സമീപത്ത്, വാടകവീട്ടിൽ ഒക്കെ പ്രതിഷേധക്കാരെത്തിയിട്ടുണ്ട്. സ്‌കൂളിൽനിന്ന് ഞാൻ അവധിയെടുത്തിരിക്കുകയാണ്. തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെ തിരികെ പ്രവേശിക്കണമെന്നാണ് കരുതുന്നത്. വാടകവീടിന്റെ ഉടമയും സ്‌കൂൾ അധികൃതരും ഒരുരീതിയിലും എന്നെ വിലക്കിയിട്ടില്ല. ഞങ്ങളുടെ ആചാരപ്രകാരം വ്രതമെടുത്ത് മാലയിട്ട് തന്നെയാണ് മലയ്ക്ക് പോകാനൊരുങ്ങിയത്. ഇക്കാര്യം ഐ.ജി ശ്രീജിത്തിനെ വിളിച്ച് അറിയിച്ചിരുന്നു. എല്ലാവർക്കും നൽകുന്നതു പോലെ നിങ്ങൾക്കും സുരക്ഷ നൽകും എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്. 22ന് രാവിലെ 9നായിരുന്നു ഞങ്ങൾ എരുമേലിയിൽ എത്തിയത്. പക്ഷേ, സന്നിധാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധം നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്നായിരിക്കണം, പൊലീസുകാർ ഞങ്ങളെ പമ്പ പൊലീസ് സ്റ്റേഷനിലേക്കും അവിടെനിന്ന് സുരക്ഷാകാരണങ്ങൾ പറഞ്ഞ് മുണ്ടക്കയം പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയത്. ഇക്കാര്യം പൊലീസിനും ഞങ്ങൾക്കും മാത്രം അറിയുന്നതാണ്. എന്നാൽ, അപ്പോഴേക്കും അതൊക്കെ ചാനലുകളിൽ തലക്കെട്ടുകളായിരുന്നു. പൊലീസുകാരിൽതന്നെയുള്ളവരാകണം പുറത്തേക്ക് വിവരങ്ങൾ എത്തിച്ചത്.മുണ്ടക്കയം സ്റ്റേഷനിൽ എത്തിച്ച് രണ്ട് വനിതാപൊലീസുകാരെ ഏല്പിച്ചു. ഇടയ്ക്ക് ഫോൺ വാങ്ങിക്കൊണ്ടുപോയി.bindhu-kalyani

ഏതാണ്ട് രണ്ടുമണിക്കൂറിനുള്ളിൽത്തന്നെ അവിടെ സംഘപരിവാറുകാരെത്തി. ഇത്രയടുത്ത് അവരെത്തിയിട്ടും പൊലീസിനത് മനസിലായില്ല. പിന്നെ, പൊലീസുകാർ ഞങ്ങളെയുംകൂട്ടി ജീപ്പിൽ കയറുന്നു. അതിസാഹസികമായി ഞങ്ങളെ രക്ഷപ്പെടുത്തുന്നതായി കുറേ രംഗങ്ങൾ. ജീവനും കൈയിൽപിടിച്ചാണ് ഒരുമണിക്കൂറോളം ഞങ്ങൾ മൂന്നുപേരും അവിടെയിരുന്നത്. അത്രയ്ക്ക് ഭീഷണികളും പ്രതിഷേധങ്ങളുമായിരുന്നു, അതും പൊലീസിന്റെ സാന്നിദ്ധ്യത്തിൽ. പമ്പയ്ക്ക് കൊണ്ടുപോകുന്നു എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, മൂവാറ്റുപുഴയിലേക്ക് പൊലീസ് സുരക്ഷയിൽ മടങ്ങേണ്ടിവന്നു.അവിടെനിന്ന് ഒരു തരത്തിലുള്ള സുരക്ഷയുമില്ലാതെ കെ.എസ്.ആർ.ടി.സി ബസിലാണ് കയറ്റിവിടാനൊരുങ്ങിയത്. ഒടുവിൽ ഞങ്ങൾ കോട്ടയം എസ്.പി ജയരാജിന്റെ സഹായംതേടി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കനത്ത സുരക്ഷയിൽ ഞങ്ങളെ കോഴിക്കോടെത്തിച്ചു. അവിടെ സുഹൃത്തിന്റെ ഫ്ളാറ്റിലെത്തിയപ്പോൾ അവിടുത്തെ താമസക്കാരെയുംകൂട്ടി കുറേപ്പേർ വന്ന് പ്രശ്നമുണ്ടാക്കി. ഈ സമയത്ത് എന്റെ വീട്ടിൽ വന്ന് അച്ഛനെയും അമ്മയേയും നിർബന്ധിപ്പിച്ച് ഒരു ബി.ജെ.പി നേതാവിന്റെ വീട്ടിൽവച്ച് നടത്തിയ നാമജപത്തിൽ വിളക്കുകൊളുത്താനെന്ന വ്യാജേന പങ്കെടുപ്പിച്ചു. സെറ്റുമുണ്ടൊക്കെ അവരുടെതന്നെ അറേഞ്ച്‌മെന്റ്സ് ആണ്. എന്നിട്ട് ആ ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിച്ചു. ഞങ്ങൾ മലയ്ക്ക് കൊണ്ടുപോകാം എന്നൊക്കെ പറഞ്ഞ് നിർബന്ധിച്ചു. അച്ഛനും അമ്മയും പക്ഷേ അതൊന്നും സമ്മതിച്ചിട്ടേയില്ല.

തയ്യാറാക്കിയത്: ലിജ വർഗീസ്