amith-sha

കണ്ണൂർ: ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് ശിവഗിരിയിലെ മഹാമണ്ഡല പൂജ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് കണ്ണൂർ വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണം. ഉദ്ഘാടനത്തിന് മുന്പ് കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ യാത്രക്കാരനായി രാവിലെ 11.30ഓടെയാണ് ഷാ പറന്നിറങ്ങിയത്.ബി.ജെ.പി നേതാക്കൾ അടക്കമുള്ളവർ ഷായെ സ്വീകരിച്ചു. അമിത് ഷായ്ക്ക് അഡ്വാൻസ്ഡ് സെക്യൂരിറ്റി ലെയ്സണിംഗ് (എ.എസ്.എൽ) വിഭാഗം സുരക്ഷയുള്ളതിനാൽ കേന്ദ്ര സുരക്ഷാ ഏജൻസികളുടെ കൂടെ അനുമതിയോടെയാണ് വിമാനമിറക്കിയത്. ഡൽഹി ആസ്ഥാനമായ എആർ എയർവെയ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് അമിത് ഷായ്ക്കു വേണ്ടി പ്രത്യേക വിമാനം ഏർപ്പെടുത്തിയത്. നോൺ ഷെഡ്യൂൾഡ് വിമാനങ്ങൾ പറത്താൻ ഡിജിസിഎയുടെ ലൈസൻസുള്ള 109 ഏവിയേഷൻ കമ്പനികളിലൊന്നാണ് എ.ആർ എയർവേസ്.


ബി.ജെ.പി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും ശിവഗിരി സന്ദർശനവുമാണ് അമിത് ഷായുടെ സന്ദർശനത്തിന്റെ പ്രധാന അജണ്ട. പിണറായിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകരായ ഉത്തമന്റെയും മകൻ രമിത്തിന്റെയും വീടും സന്ദർശിക്കും. കണ്ണൂരിലെ പരിപാടികൾക്ക് ശേഷം ഉച്ചയ്ക്ക് 2.50നാണ് അമിത് ഷാ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുക. തുടർന്ന് ഹെലികോപ്ടറിൽ വർക്കലയിലിറങ്ങും. ഹെലിപാഡിൽ നിന്ന് കാർ മാർഗം ശിവഗിരിയിലേക്ക് പോകും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയാണ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുക. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രഭാഷണം നടത്തും. വി.മുരളീധരൻഎം.പി അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തും. സ്വാമി സാന്ദ്രാനന്ദ ,സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ പ്രഭാഷണം നടത്തും. കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനമാണ് മുഖ്യാതിഥി. തുഷാർ വെള്ളാപ്പള്ളി സ്വാഗതവും സ്വാമി ശിവസ്വരൂപാനന്ദ നന്ദിയും പറയും. ശിവഗിരിയിലെ ചടങ്ങുകൾക്ക് ശേഷം അമിത് ഷാ ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് തിരിക്കും. നാളെ രാവിലെ 9 ന് വിജയവാഡയിലേക്ക് പോകും.