ഒക്ടോബർ ആദ്യവാരം ഡൽഹിയിൽ നടന്ന ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ വ്ളാഡിമിർ പുട്ടിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സാന്നിദ്ധ്യത്തിൽ എട്ട് ഉടമ്പടികളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഏറ്റവും പ്രധാനം 39000 കോടി രൂപ മുടക്കി റഷ്യയിൽ നിന്നു വാങ്ങുന്ന എസ് - 400 ട്രയംഫ് വ്യോമപ്രതിരോധ മിസൈൽ സംവിധാനമാണ്. നമ്മളോട് ശത്രുതാ മനോഭാവം പുലർത്തുന്ന ചൈന എസ് - 400 മിസൈലിന്റെ ആറ് യൂണിറ്റുകൾ വാങ്ങാൻ റഷ്യയുമായി കരാറിലേർപ്പെടുകയും ഈ വർഷം മുതൽ അത് അതിർത്തികളിൽ വിന്യസിയ്ക്കാനാരംഭിക്കുകയും ചെയ്തു. അതിർത്തിയിൽ ചൈന മിസൈൽ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നത് നമ്മുടെ രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് എസ് 400 വാങ്ങാൻ തീരുമാനിച്ചത്. ഇതോടെ കരുത്തുറ്റ പ്രതിരോധ സംവിധാനമുള്ള അപൂർവം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണ്.
കരാറൊപ്പിട്ടെങ്കിലും, ആദ്യ യൂണിറ്റ് ലഭിക്കാൻ രണ്ട് വർഷമെടുക്കും. എസ് 400 ട്രയംഫ് മിസൈൽ പ്രതിരോധം , അതിർത്തികളിൽ വിന്യസിക്കുന്നതോടെ പാകിസ്ഥാനിൽ നിന്നോ ചൈനയിൽ നിന്നോ ഉള്ള ഏത് വ്യോമാക്രമണത്തെയും നേരിടാനുള്ള ശേഷി നാം കൈവരിക്കും. മിസൈലിന്റെ ഭാഗമായുള്ള റഡാറുകൾക്ക് 600 കി.മീ.വരെ നിരീക്ഷിച്ച് ശത്രുവിമാനങ്ങളെയും മിസൈലുകളെയും തകർക്കാനാകും. പാകിസ്ഥാന്റെ എല്ലാ വ്യോമതാവളങ്ങളും എസ് 400 ന്റെ പരിധിയിൽ വരും. ഒരേസമയം 300 ലക്ഷ്യങ്ങളെ വരെ നിരീക്ഷിയ്ക്കാനാവുന്ന ഈ സംവിധാനമുപയോഗിച്ച് 36 ലക്ഷ്യങ്ങൾ തകർക്കാനുമാകും. ആറ് യൂണിറ്റുകളിൽ മൂന്നെണ്ണം പാകിസ്ഥാൻ അതിർത്തിയിലും രണ്ടെണ്ണം ചൈന അതിർത്തിയിലും വിന്യസിക്കാനാണ് വ്യോമസേനയുടെ തീരുമാനം.
ദീർഘ നാളായുള്ള
പ്രതിരോധ ബന്ധം
1962-ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ നിഷ്പക്ഷത പുലർത്തിയ സോവിയറ്റ് യൂണിയൻ, പിന്നീട് നമുക്ക് സാമ്പത്തികവും, സൈനികവുമായ സഹായം നൽകിത്തുടങ്ങി. വ്യോമസേനയ്ക്ക് കരുത്തു പകർന്ന മിഗ്-21 വിമാനം നൽകുകയും, അവ ഇന്ത്യയിൽ നിർമ്മിക്കാനുമുള്ള സാങ്കേതികവിദ്യ കൈമാറുകയും ചെയ്തു. എന്നാൽ ഇതിനായുള്ള ചൈനയുടെ അഭ്യർത്ഥന തള്ളിക്കളഞ്ഞു.
1965 - ലെ ഇന്ത്യാ - പാകിസ്ഥാൻ യുദ്ധത്തിന് ശേഷമുള്ള സമാധാന ചർച്ചയ്ക്കും മുൻകൈയെടുത്തത് സോവിയറ്റ് യൂണിയനായിരുന്നു. 1971-ൽ ബംഗ്ലാദേശ് വിമോചനയുദ്ധത്തിനു മുൻപ് ഒപ്പുവച്ച ഇൻഡോ-സോവിയറ്റ് സൗഹൃദ ഉടമ്പടിയിലൂടെ ഇരുരാജ്യങ്ങളും സൈനിക-സാമ്പത്തിക ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചു.1962-ലെ ചൈനീസ് ആക്രമണത്തിൽ പരാജയം രുചിച്ച നമ്മുടെ സൈന്യത്തെ ആധുനികവത്കരിക്കാൻ സോവിയറ്റ് യൂണിയൻ വലിയ സഹായമാണ് നൽകിയത്. 1962-ന് ശേഷം നമ്മുടെ സൈന്യത്തിന് ആധുനിക പ്രതിരോധ കവചം നൽകുന്നത് സോവിയറ്റ് യൂണിയനാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം റഷ്യൻ ഫെഡറേഷനുമായാണ് നമ്മുടെ ആയുധ ഇടപാടിൽ 68 ശതമാനവും.
തൊണ്ണൂറുകൾക്ക് ശേഷമാണ് അമേരിക്കയുമായി നാം ആയുധ ഇടപാട് തുടങ്ങിയത്. ഇപ്പോൾ സൈനിക ആവശ്യങ്ങളുടെ 68 ശതമാനം റഷ്യയും, 14 ശതമാനം അമേരിക്കയും 7.2 ശതമാനം ഇസ്രയേലുമാണ് നൽകുന്നത്. റഷ്യയുമായി ചേർന്നുള്ള സംയുക്ത സംരംഭമായാണ് നാം ബ്രഹ്മോസ് മിസൈൽ ഉൽപ്പാദിപ്പിക്കുന്നത്.
വ്യോമസേനയുടെ ശക്തിയായ സുഖോയ്, മിഗ് യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും കരസേനയുടെ കരുത്തായ , ടി-90 ടാങ്കുകളും, റോക്കറ്റ് വിക്ഷേപണികളും നാവിക സേന ഉപയോഗിക്കുന്ന വിമാനവാഹിനി കപ്പലുകളും, അണുവായുധവാഹിനിയായ മുങ്ങി കപ്പലും നമുക്ക് ലഭിച്ചത് റഷ്യയിൽനിന്നാണ്.പ്രതിരോധ സഹകരണം ഊട്ടിഉറപ്പിക്കുന്ന ഇന്ത്യ-റഷ്യ ഉച്ചകോടി, സൗഹൃദം ശക്തിപ്പെടുത്തുമെങ്കിലും, അമേരിക്കയുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമോയെന്ന സംശയമുയരുന്നുണ്ട്. തങ്ങളുടെ എതിരാളികളുമായി തന്ത്രപ്രധാനമായതോ സൈനികമോ ആയ കരാറുകളിൽ ഏർപ്പെടുന്നവർക്കെതിരെ ഉപരോധമേർപ്പെടുത്തുന്ന, കാറ്റ്സ അനുസരിച്ചുള്ള നിരോധനത്തിൽ ഇന്ത്യയെയും ഉൾപ്പെടുത്തുമോ എന്നത് ചോദ്യ ചിഹ്നമാണ്.
എന്താണ് കാറ്റ്സ (CAATSA) ?
കാറ്റ്സ എന്നാൽ Countering America’s Adversaries through Sanctions Act എന്ന അമേരിക്കൻ നിയമമാണ്. 2017 ആഗസറ്റ് 2-നാണ് ഇത് പ്രാബല്യത്തിൽ വന്നത്. റഷ്യ, ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങൾക്കെതിരെയും, അവരുമായി തന്ത്രപ്രധാനമായ ഇടപാട് നടത്തുന്ന രാജ്യങ്ങൾക്കെതിെരയും ഉപരോധമേർപ്പെടുത്തി ശിക്ഷിക്കാനുള്ള നിയമമാണിത്. ഉക്രൈനിൽ റഷ്യ നടത്തിയ അധിനിവേശം, 2016-ലെ അമേരിക്കൻ പ്രസിഡൻറ്റ് തിരെഞ്ഞടുപ്പിൽ റഷ്യ നടത്തിയതായി പറയപ്പെടുന്ന ഇടപെടൽ എന്നിവ മുൻനിറുത്തിയാണ് റഷ്യക്കെതിരെ ഉപരോധമേർപ്പെടുത്തിയത്. അമേരിക്കൻ കോൺഗ്രസ് പാസാക്കിയ ഈ നിയമത്തിന് പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപ് മനസില്ലാ മനസോടെയാണ് അംഗീകാരം നൽകിയത്. അമേരിക്ക ഉപരോധമേർപ്പടുത്തിയ റഷ്യൻ കമ്പനികളുടെ ലിസ്റ്റിൽപ്പെടുന്നതാണ് എസ്-400 നിർമ്മിക്കുന്ന അൽമാസ്-ആന്ററ്റി എന്ന കമ്പനിയും. ഈ സാഹചര്യത്തിൽ എസ് 400 വാങ്ങാൻ ഉടമ്പടിയിൽ ഒപ്പുവച്ച ഇന്ത്യയ്ക്കെതിരെയും കാറ്റ്സ അനുസരിച്ചുള്ള നിരോധനം നടപ്പിലാക്കാൻ സാദ്ധ്യതയുണ്ട്.
കാറ്റ്സയിൽ നിന്ന് ഒഴിവാക്കുമോ?
റഷ്യയിൽ നിന്നും എസ് 400 ട്രയംഫും, എസ്.യു 35 യുദ്ധവിമാനങ്ങളും വാങ്ങാൻ ഉടമ്പടി ഉണ്ടാക്കിയ ചൈനയ്ക്കെതിരെ കാറ്റ്സ പ്രകാരം, 2018 സെപ്തംബറിൽ അമേരിക്ക ഉപരോധമേർപ്പെടുത്തി. ചില രാജ്യങ്ങൾക്ക് ഇളവ് അനുവദിക്കാനുള്ള നിയമവും, കാറ്റ്സയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർദ്ധിച്ചു വരുന്ന ഇന്ത്യ-അമേരിക്ക സഹകരണത്തെ, അമേരിക്കയ്ക്ക് അവഗണിക്കാനാവില്ല. 1995-ൽ ഇന്ത്യയും അമേരിക്കയുമായുള്ള വാണിജ്യബന്ധം 11.2 ബില്ല്യൺ ഡോളറായിരുന്നത് 2017-ൽ 126.20 ബില്ല്യൺ ഡോളറായി മാറി അമേരിക്കയുമായി തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങൾ കൈമാറാനുള്ള കോംകാസ ( Communication, Compatibility and Security Agreement) ഉടമ്പടി ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ.
റഷ്യയിൽ നിന്നാണ് നമ്മൾ ഏറ്റവും കൂടുതൽ ആയുധസാമഗ്രികൾ വാങ്ങുന്നതെങ്കിലും, കുറേ വർഷങ്ങളായി അമേരിക്കയുമായുള്ള ആയുധ ഇടപാടും വർദ്ധിക്കുകയാണ്. 2008-ന് ശേഷം സി 17 ഗ്ലോബ് മാസറ്റർ, സി 130 വിമാനങ്ങൾ, പി-8 സമുദ്രനിരീക്ഷണ വിമാനങ്ങൾ, എം 777 ഹൊവിറ്റ്സർ, വിമാനങ്ങൾ, അപ്പാച്ചേ, ചിനൂക് ഹെലികോപ്ടറുകൾ, ഹാർപ്പുൺ മിസൈൽ തുടങ്ങി 15 ബില്ല്യൺ ഡോളറിനുള്ള ആയുധ ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയത്. 2013-14 ന് ശേഷം മാത്രം 13 ഉടമ്പടികളിലായി 4.4 ബില്ല്യൺ ഡോളറിന്റെ ആയുധ ഇടപാടാണ് അമേരിക്കയുമായി നമുക്കുള്ളത്.
ബോയിംഗ് ഉൾപ്പെടെയുള്ള കമ്പനികൾ ഇന്ത്യയുമായി കൂടുതൽ ആയുധ ഇടപാടുകൾ നടത്താൻ ശ്രമിക്കുന്ന അവസരമാണിത്. റഷ്യ കഴിഞ്ഞാൽ ഇന്ത്യയുമായി ഏറ്റവും കൂടുതൽ ആയുധ വ്യാപാരം നടത്തുന്ന രാജ്യം അമേരിക്കയാണ്. ഇക്കാരണങ്ങളാൽ, ഇന്ത്യയ്ക്കുമേൽ ശക്തമായ ഉപരോധമേർപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചാൽ അവരെയും അത് ബാധിക്കും. അമേരിക്കയ്ക്ക് ബദലായി വൻശക്തിയാകാനുള്ള ചൈനയുടെ നീക്കങ്ങൾ തടയാൻ ഇന്ത്യയുമായുള്ള അടുത്തബന്ധം ആവശ്യമാണെന്നും അമേരിക്കൻ പ്രതിരോധവിദഗ്ദ്ധരുടെ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ചൈനയുമായി ഇപ്പോൾ നടക്കുന്ന വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയെ കൂടെ നിറുത്തേണ്ടത് അമേരിക്കയ്ക്ക് ആവശ്യമാണ്. മാത്രമല്ല, ഏറ്റവും വലിയ ഉപഭോക്തൃ രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്കെതിരെയുള്ള ഉപരോധങ്ങൾ അമേരിക്കൻ കമ്പനികളുടെ വ്യാപാര താത്പര്യങ്ങളെയും ദോഷകരമായി ബാധിക്കും. അമേരിക്കയും ഇന്ത്യയുമായി നടത്തിയ 2+2 ചർച്ചകൾ ഈ പ്രശ്നങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. ഇന്ത്യയ്ക്ക് ഇളവ് നൽകി, ഒപ്പം നിറുത്താനാകും അമേരിക്ക ശ്രമിക്കുക.
( ലേഖകൻ പബ്ളിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് രജിസ്ട്രാറാണ് ഫോൺ : 9847173177)