കണ്ണൂർ: ശബരിമല വിധിയുടെ പേരിൽ സംസ്ഥാന സർക്കാർ കേരളത്തിൽ അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ആരോപിച്ചു. ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരെ ഉപയോഗിച്ച് ശബരിമലയിൽ ഭക്തരെ അടിച്ചമർത്താൻ ശ്രമിച്ചാൽ പിണറായി സർക്കാരിനെ വലിച്ച് താഴെയിടാൻ ബി.ജെ.പി മടിക്കില്ല. ബി.ജെ.പിയുടെ ദേശീയ ശക്തി മുഴുവൻ ഭക്തർക്കൊപ്പം നിലകൊള്ളും. ശബരിമലയിൽ പ്രതിഷേധം നടത്തിയ രണ്ടായിരത്തോളം ബി.ജെ.പി, ബി.ഡി.ജെ.എസ് പ്രവർത്തകരെ പൊലീസ് പിടികൂടിയത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. അയ്യപ്പഭക്തരുടെ അവകാശങ്ങൾ സർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പഭക്തരുടെ ആചാരാനുഷ്‌ടാനങ്ങൾ സംരക്ഷിക്കാൻ ഈ മാസം 30 മുതൽ ബി.ജെ.പി വിവിധ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി സുപ്രീം കോടതി വിധികൾ നടപ്പിലാക്കാൻ ഇരിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ വിശ്വാസികളുടെ താത്പര്യങ്ങൾ മറികടന്ന് ശബരിമല വിധി നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. പള്ളികളിൽ ഉച്ചഭാഷിണി വിലക്കണമെന്ന വിധി ഇതുവരെ സർക്കാർ നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി പൊതുമുതൽ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് പ്രവർത്തകരെ കസ്‌റ്റഡിയിലെടുക്കുന്നത്. ആരുടെ പൊതുമുതലാണ് നശിപ്പിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം. കോടതികൾ ഭരണഘടനാ ലംഘനം നടത്തുകയാണ്. മൗലിക അവകാശങ്ങള അടിച്ചമർത്തുന്ന രീതിയിലുള്ള വിധിയാണ് കോടതിയുടേത്. ഇന്ത്യയിൽ പുരുഷന്മാർക്ക് പ്രവേശനം നിഷേധിച്ച നിരവധി ക്ഷേത്രങ്ങളുണ്ട്. സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചല്ല ലിംഗ സമത്വം നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.