എസ്.ഐ വിജയയുടെ ഞരമ്പുകളിൽ പെട്ടെന്ന് ചോരയോട്ടത്തിനു വേഗതയേറി. അനിരുദ്ധൻ! അവളുടെ മുഷ്ടി മുറുകി. വിജയ ഫോണിലേക്കു നോക്കി.
'റെഡ്' ഗ്രൂപ്പിലെ ബാക്കിയുള്ളവരുടെ റിപ്‌ളേ വന്നു കഴിഞ്ഞു. 'യേസ്' എന്ന്.
പിന്നീട് അതേക്കുറിച്ചുള്ള ചിന്തയിലായിരുന്നു വിജയ.
അനിരുദ്ധനെ എങ്ങനെ കൊല്ലണം? എത്ര ഇഞ്ചിഞ്ചായി കൊന്നാലും അയാൾ ചെയ്തിട്ടുള്ളതിനു പകരമാവില്ല...
തനിക്ക് നൈറ്റ് ഡ്യൂട്ടിയുണ്ടെന്ന് നേരത്തെ തന്നെ വിജയ വീട്ടിൽ പറഞ്ഞു.
വാസുദേവൻ നെറ്റിചുളിച്ചു.
''പിങ്ക് പോലീസിനും നൈറ്റ് ഡ്യൂട്ടിയുണ്ടോ?'
''ഉണ്ടച്ഛാ. ഞങ്ങളുടെ സേവനം എപ്പോൾ, ആർക്കാണു വേണ്ടതെന്ന് അറിയില്ലല്ലോ...'
വാസുദേവനു മുഖം കൊടുക്കാതെയാണ് അവൾ അറിയിച്ചത്.
അയാൾ അമർത്തി മൂളി.
കരടിവാസു അന്ന് ഹോസ്പിറ്റൽ വിട്ട ദിവസമായിരുന്നു.
വീട്ടിലെത്തിയ അയാൾക്ക് ആകെ അസ്വസ്ഥത തോന്നി.
അമ്മ ഇല്ല!
വെറുതെയാണെങ്കിലും അമ്മ തെറിയേ വിളിക്കുള്ളായിരുന്നു. അപ്പോൾ താനും തിരിച്ച് എന്തെങ്കിലും പറഞ്ഞെന്നിരിക്കും.
പക്ഷേ ഇപ്പോൾ...
എത്രയൊക്കെയാണെങ്കിലും ആ അമ്മയുടെ തെറിവിളി കേൾക്കാൻ ഒരു കൊതി.
അസ്വസ്ഥതയേറിയപ്പോൾ അയാൾ ഒരു അയൽക്കാരനെ അയച്ച് കിടങ്ങന്നൂർ ബിവറേജസ് മദ്യഷോപ്പിൽ നിന്ന് ഒരു കുപ്പി 'ഓൾഡ് മങ്ക് ' റം വാങ്ങിപ്പിച്ചു.
പിന്നെ അയൽക്കാരനും അല്പം കൊടുത്തിട്ട് മദ്യപാനം തുടങ്ങി.
ശരീരം ചൂടു പിടിക്കുന്നതിനൊപ്പം ചിന്തകളും വളരാൻ തുടങ്ങി.
കൂർത്ത ആണികളുള്ള ഏതോ ആയുധം കൊണ്ട് തന്നെ ആക്രമിച്ചത്...ഒരു പുരുഷനല്ല, സ്ത്രീയാണ് അങ്ങനെ ചെയ്തതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പൊടുന്നനെ അയാൾ മുൻ ആഭ്യന്തരമന്ത്രി രാജസേനനെക്കുറിച്ച് ഓർത്തു.
പറഞ്ഞ കൂലി തന്നിട്ടാണ് താൻ വാസുദേവനെ ആക്സിഡന്റിൽ പെടുത്തിയതെന്നതു സത്യം! പക്ഷേ ആ പണമൊക്കെ എന്നേ തീർന്നു.
ആരെയെങ്കിലും അയച്ച് തനിക്ക് എന്തെങ്കിലും ആവശ്യം ഉണ്ടോഎന്നുപോലും പിന്നീട് അയാൾ തിരക്കിയിട്ടില്ല....
ആ ചിന്ത വന്നതോടെ കരടിവാസു ഫോൺ എടുത്ത് രാജസേനനെ വിളിച്ചു.
രണ്ടാമത്തെ ബല്ലിന് ഫോൺ കട്ടു ചെയ്തു. അബദ്ധത്തിൽ സംഭവിച്ചതാവാം എന്നു കരുതി വീണ്ടും ശ്രമിച്ചു. ഇത്തവണയും പഴയതുപോലെ....
താനാണെന്ന് അറിഞ്ഞുകൊണ്ട് കട്ടു ചെയ്തതാണെന്ന് അയാൾക്ക് ഉറപ്പായി.
വാസു കടപ്പല്ലമർത്തി.നാളെയാകട്ടെ. നേരെ ചെല്ലും താൻ. രാജസേനന്റെ മുന്നിലേക്ക്. മാത്രമല്ല തന്റെ അമ്മയെ ചുട്ടുകരിച്ചതിൽ രാജസേനന്റെ മകനു പങ്കുണ്ടെന്ന് പത്രങ്ങളിലും ടിവിയിലുമൊക്കെ വാർത്തയും ഉണ്ടായിരുന്നു.
മരിച്ചുപോയ അമ്മയെ തിരികെ കിട്ടില്ല. പക്ഷേ അമ്മയുടെ 'വില' തനിക്കു കിട്ടിയേ പറ്റൂ...
അയാൾ ഉറപ്പിച്ചു.
രാത്രി 10 മണി.
എസ്.ഐ വിജയയുടെ കൈനറ്റിക് ഹോണ്ട ഇലന്തൂർ നെടുവേലി മുക്കിൽ എത്തി.
കടകൾ അടഞ്ഞിരുന്നു.
കുരിശുപടിക്ക് മുന്നിൽ അവൾ കാത്തുനിന്നു.
'റെഡി'ലെ മെമ്പേഴ്സ് മറ്റ് നാലുപേർ എത്തിക്കഴിഞ്ഞു.
ഇനി വരാനുള്ളത് ആർജവ് ആണ്.
പെട്ടെന്ന് എല്ലാവരുടെയും സെല്ലിൽ മെസേജ് വന്നു.
''ഞാനൊന്നു വീണു. പിന്നാലെ വന്ന് സാലറി ചലഞ്ചിൽ' പങ്കെടുക്കും.'
അവർ അഞ്ചുപേരും തങ്ങളുടെ വാഹനങ്ങളിൽ നീങ്ങി.
ഇലന്തൂർ ചന്ത മുതൽ മുന്നോട്ട് പല ഭാഗങ്ങളിലായി വാഹനങ്ങൾ ഒതുക്കി.
ഖാദി ഭവന്റെ തൊട്ടടുത്തുനിന്ന് വലത്തേക്കു തിരിയുന്ന പോക്കറ്റ് റോഡിലേക്ക് അവർ നടന്നു.
പത്തു മിനിട്ടു നടന്നപ്പോൾ റോഡിനു വലതുവശത്ത് പാടം മണ്ണിട്ടു നികത്തി വച്ചിരിക്കുന്ന ഒറ്റപ്പെട്ട വീടു കണ്ടു.
''അതാണ്...'
ഉമേഷ് കുമാർ മന്ത്രിച്ചു.
ശബ്ദമുണ്ടാക്കാതെ ഗേറ്റുതുറന്ന് അകത്തു കയറിയ അവർ വീടിനു ചുറ്റുമുള്ള വാഴത്തോട്ടത്തിൽ പല ഭാഗങ്ങളിലായി നിലയുറപ്പിച്ചു.
അകലെ എവിടെയോ ഒരു ബുള്ളറ്റ് ബൈക്കിന്റെ ശബ്ദം കേട്ടു.
സമയം കടന്നു പോയി.
കൃത്യം 11 മണി.
രണ്ട് തീക്കണ്ണുകൾ അടുത്തുവന്നു. അത് ആ വീടിന്റെ ഗേറ്റിനരുകിൽ നിന്നു... വീടിന്റെ വാതിൽ തുറക്കുന്നത് എസ്.ഐ വിജയ കേട്ടു....!
(തുടരും)