കണ്ണില്ലെങ്കിലറിയാം കണ്ണിന്റെ വിലയെന്ന് സാധാരണ പറയാറുണ്ട്. ഇത് കാഴ്ചയുടെ പ്രാധാന്യം എത്രത്തോളമാണെന്ന് സൂചിപ്പിക്കുന്നു. ഇന്ദ്രിയങ്ങളിൽ ഏറ്റവും പ്രാധാന്യം കണ്ണിനാണെന്നാണ് പറയുന്നത്. അങ്ങനെയുള്ള കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ പലതും ചെയ്യാനാകും. വളരെ സങ്കീർണ്ണമായ അവയവമാണ് കണ്ണ്. സാധാരണ കാഴ്ച സാധ്യമാക്കാൻ ആവശ്യമായ ചെറുഭാഗങ്ങൾ ചേർന്ന അവയവമാണിത്. കണ്ണുകളിൽ അണുബാധയേൽക്കാനും സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ശുചിത്വം പ്രധാനമാണ്. കണ്ണുകൾ ശുദ്ധജലം ഉപയോഗിച്ച് വൃത്തിയാക്കുക. ഉറങ്ങാൻ പോകുന്നതിനു മുമ്പ് കണ്ണുകൾ കഴുകണം. പൊടിയും അഴുക്കും കളയാൻ ഇത് സഹായിക്കും. മറ്റൊരാളുടെ ടവൽ, തൂവാല, കാജൽ, സുറുമ തുടങ്ങിയവ ഉപയോഗിക്കരുത്.
പൊടി, പുക, തീവ്രപ്രകാശം എന്നിവ കണ്ണിലേൽക്കരുത്. പ്രമേഹം, അമിതരക്തസമ്മർദ്ദം എന്നിവ കാഴ്ച വൈകല്യങ്ങൾക്ക് കാരണങ്ങളാണ്. മദ്യം, മയക്കുമരുന്ന്, പുകയില എന്നിവ ആരോഗ്യത്തിന് പൊതുവെയും കണ്ണുകൾക്ക് പ്രത്യേകിച്ചും ദോഷകരം. കണ്ണടകൾ ഉപയോഗിക്കുമ്പോൾ വൃത്തിയുള്ളതും പോറലുകളേൽക്കാത്തതുമായവ ഉപയോഗിക്കണം. മറ്റുള്ളവരുടെ കണ്ണടകൾ ഉപയോഗിക്കുമ്പോഴും സൂക്ഷിക്കണം.
കണ്ണുകളിൽ നിന്ന് ഒരടി അകലത്തിൽ 4570 ഡിഗ്രി ചരിവിൽ പിടിച്ച് പേപ്പർ വായിക്കുക. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലിരുന്നോ അരണ്ട വെളിച്ചത്തിലോ വായിക്കരുത്. കണ്ണിന് കൂടുതൽ ആയാസമുണ്ടാക്കുന്ന ജോലികൾ ചെയ്യുമ്പോൾ ആവശ്യത്തിന് വിശ്രമം നൽകുക. ചെറിയ കുട്ടികൾ ടിവി, മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിക്കുന്നതും പ്രശ്നം തന്നെ. അപകടകരമായ ഉപകരണങ്ങൾ കളിപ്പാട്ടങ്ങളായി ഉപയോഗിക്കുന്നത് തടയേണ്ടതാണ്. കണ്ണിന് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ഉടൻതന്നെ ഒരു നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.
ഡോ. ത്രിജിൽ കൃഷ്ണൻ
ഇ.എം,അസി. പ്രൊഫസർ,
PNNM ആയുർവേദമെഡിക്കൽ
കോളേജ്,
ചെറുതുരുത്തി,
തൃശൂർ
ഫോൺ: 9809336870