'കൂടെ'യ്ക്കു ശേഷം ശ്രദ്ധേയമായ കഥാപാത്രവുമായി മാല പാർവതി വീണ്ടുമെത്തുന്നു. ഇക്കുറി തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ഗെയിം ഓവർ എന്ന ചിത്രത്തിലാണ് താരത്തിന്റെ കരുത്തുറ്റ കഥാപാത്രം. മൂന്നു തവണ കാൻസർ സർവൈവ് ചെയ്ത പെൺകുട്ടി കൊലചെയ്യപ്പെടുന്നു. ആ പെൺകുട്ടിയുടെ അമ്മയായാണ് മാല പാർവതി എത്തുന്നത്. കഴിഞ്ഞ 19ന് സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ തുടങ്ങി. പാർവതിയുടെ മകളായി എത്തുന്നത് സഞ്ജന എന്ന മോഡലാണ്. തപ്സി ബാനുവിനെ നായികയാക്കി ഗെയിം ഓവർ ഒരുക്കുന്നത് അശ്വിൻ ശരവണയാണ്. നയൻതാരയെ നായികയാക്കി മായ എന്ന ഹൊറർ മൂവി ഒരുക്കിയ സംവിധായകനാണ് അശ്വിൻ ശരവണ. വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്ന പെൺകുട്ടിയായാണ് തപ്സി ചിത്രത്തിലെത്തുന്നത്. കാമറ: വസന്ത്. വൈ പി നോട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ശശികാന്താണ് ചിത്രം നിർമ്മിക്കുന്നത്.