തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ എ.ബി.വി.പി നേതാവായ ആറ്റിങ്ങൽ സ്വദേശി ശ്രീ പാർവതി നടത്തിയ പരാമർശങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിധിയുടെ പശ്ചാത്തലത്തിൽ യുവതി കുടുംബ സമേതം ശബരിമലയിൽ പോകുമെന്ന പരാമർശം വിവാദമാവുകയും ചെയ്‌തു. ആർ.എസ്.എസ് പ്രചാരണ മാദ്ധ്യമമായ കേസരിയിലും ശ്രീപാർവതിയുടെ നിലപാട് പ്രസിദ്ധീകരിച്ചിരുന്നു.സംഭവത്തിന് പിന്നാലെ സംഘപരിവാർ സംഘടനകളിൽ നിന്ന് തനിക്ക് വധഭീഷണിയുള്ളതായി ശ്രീപാർവ്വതിയെ ഉദ്ദരിച്ച് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാർവതി.
വിശ്വാസ പ്രമാണങ്ങളിൽ കാലോചിതമായ മാറ്റമുണ്ടാകുന്ന കാലത്ത് ശബരിമലയിലേക്ക് പോകുമെന്നാണ് ശ്രീപാർവതി പറയുന്നത്. അതിവേഗമുണ്ടാകുന്ന മാറ്റം സമൂഹത്തിന്റെ സന്തുലിതാവസ്ഥ തകർക്കുമെന്നും ശ്രീപാർവതി പറഞ്ഞു. ഒരു സമൂഹത്തിന്റെ ചിന്താഗതി തന്നെ മാറേണ്ടതുണ്ട്. അത്തരത്തിലൊരു മാറ്റത്തിന് വേണ്ടിയാണ് നാം ശ്രമിക്കേണ്ടതെന്നും,അങ്ങനെയൊരു മാറ്റം വരുമ്പോൾ വിശ്വാസം ഉണ്ടെങ്കിൽ ഞാനും പോകും അയ്യനെക്കാണാൻ എന്നായിരുന്നു ശ്രീപാർവതിയുടെ വാക്കുകൾ.
പ്രൊഫഷണൽ രാഷ്ടീയക്കാരിയല്ലാത്തത് കൊണ്ട് ചോദ്യങ്ങളിലെ ദ്വയാർത്ഥം മനസിലാക്കാനോ,അതിന് ഉത്തരം പറഞ്ഞാൽ എന്ത് ഇംപാക്ട് ഉണ്ടാകുമെന്നോ ചിന്തിച്ചില്ല. ആർത്തവം അശുദ്ധിയല്ല,അങ്ങനെ പറയാൻ ആർക്കും അവകാശവുമില്ല. രാഹുൽ ഈശ്വർ എന്ന സവർണ്ണ ഫാസിസ്റ്റിനോട് പുച്ഛം മാത്രം. ലക്ഷോപലക്ഷം വിശ്വാസികളുടെ ശബരിമല താങ്കളുടെ കുടുംബസ്വത്തല്ല. നടവരവിൽ നിന്നുള്ള കൈയ്യിട്ടുവാരുന്ന പരിപാടി അധികകാലം ഓടില്ല എന്നും അവർണ്ണ ബ്രാഹ്മണർ അയ്യപ്പനെ പൂജിക്കുന്ന കാലം വിധൂരമല്ലയെന്നും ശ്രീപാർവ്വതി പറഞ്ഞു.